election

തലശ്ശേരി: കളരിയും സർക്കസും പിറന്ന തലശ്ശേരിയിലെ ഓരോ തിരഞ്ഞെടുപ്പിലും പതിനെട്ടടവും പയറ്റിയിട്ടുണ്ട് വലതുപക്ഷം. പക്ഷേ ഇടതുമാറി ചവിട്ടുന്നതാണ് തീരത്തോട് ചേർന്നുകിടക്കുന്ന ഈ മണ്ഡലത്തിന് എന്നും പഥ്യം. നായനാർ സർക്കാരിനെ നയിക്കാനും കോടിയേരി ആഭ്യന്തരമന്ത്രിയായതും തലശ്ശേരിയുടെ വിശ്വാസം നേടിയായിരുന്നു. ഇന്ന് കാര്യങ്ങൾ അങ്ങനെയല്ലെന്ന് ചുരുങ്ങിയത് യു.ഡി.എഫും ബി.ജെ.പിയും പറയുന്നത് ചില കണക്കുകൂട്ടൽ നടത്തിത്തന്നെയാണ്.
എൽ.ഡി.എഫിൽ അഡ്വ. എ.എൻ. ഷംസീറിനിത് രണ്ടാമങ്കമാണ്.1250 കോടിയുടെ വികസനപ്രവൃത്തികൾ ചൂണ്ടിക്കാട്ടിയാണ് ഷംസീർ വോട്ടർമാരുടെ മുന്നിൽ നിവർന്നുനിൽക്കുന്നത്. എസ്.എഫ്.ഐയിലൂടെ കടന്നുവന്ന് ഡി.വൈ.എഫ്.ഐയിലൂടെ സംസ്ഥാനരാഷ്ട്രീയത്തിൽ തിളങ്ങിയതാണ് ഷംസീറിന് സി.പി.എം തലശ്ശേരി തന്നെ നൽകിയതിന് പിന്നിൽ. മേഖലയിൽ സി.പി.എമ്മിന്റെ മുഖമാണിന്ന് ഈ ചെറുപ്പക്കാരൻ. 2014ൽ വടകര പാർലമെന്റ് മണ്ഡലത്തിൽ മൂവായിരത്തിലേറെ വോട്ടുകൾക്ക് മുല്ലപ്പള്ളിയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് തലശ്ശേരി സീറ്റ് ഷംസീറിന് നൽകിയത്.
2016ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ എ.എൻ.ഷംസീർ 70,741 വോട്ട് നേടി. കോൺഗ്രസ് അന്ന് മത്സരിപ്പിച്ച എ.പി.അബ്ദുള്ളക്കുട്ടിയ്ക്ക് 36,624 വോട്ടും ബി.ജെ.പിയിലെ വി.കെ.സജീവന് 22,125 വോട്ടുമാണ് ലഭിച്ചത്. എന്നാൽ പിന്നാലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ജയരാജന് 65,401 വോട്ടും കോൺഗ്രസിലെ കെ. മുരളീധരന് 53,932 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പിയിലെ വി.കെ.സജീവന് 13,456 വോട്ട് മാത്രമെ നേടാനായുള്ളു. ബി.ജെ.പിയുടെ വോട്ടുകളിൽ 8669 വോട്ടിന്റെ ചോർ‌ച്ചയുണ്ടായി. എൽ.ഡി.എഫിനും അയ്യായിരത്തിലേറെ വോട്ട് കുറഞ്ഞു. എൽ.ഡി.എഫിന് 11,469 വോട്ടിന്റെ ലീഡ് മാത്രമാണ് അന്ന് ലഭിച്ചത്.

തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷനാണ് ഇക്കുറി യു .ഡി .എഫ്. സ്ഥാനാർത്ഥി. ലാളിത്യം മുഖമുദ്ര‌യാക്കിയ ഈ 59 കാരന് പാർട്ടി വോട്ടുകൾക്കുമപ്പുറം കതിരൂർ, എരഞ്ഞോളി, കോടിയേരി പ്രദേശങ്ങളിലെ സ്വാധീനവും ജനകീയ അംഗീകാരവുമാണ് തുണയാകുന്ന ഘടകങ്ങൾ. നഗരസഭാംഗമെന്ന നിലയിലെ മികച്ച പ്രകടനവും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലുണ്ട്.

ബി.ജെ.പി ജില്ലാ പ്രസിഡന്റും മുൻ നഗരസഭാംഗവുമായ എൻ. ഹരിദാസാണ് എൻ.ഡി.എ സ്ഥാനാർത്ഥി. തദ്ദേശതിരഞ്ഞെടുപ്പിൽ തലശ്ശേരി നഗരസഭയിലടക്കം ബി.ജെ.പിക്ക് വലിയതോതിൽ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. അരിച്ചുപെറുക്കി ഓരോ വോട്ടും തങ്ങളുടെ പെട്ടിയിൽ തന്നെ വീഴ്ത്താൻ പഴുതടച്ചുള്ള പ്രവർത്തനത്തിലാണ് തലശ്ശേരിയിൽ മുന്നണികൾ.