കണ്ണൂർ: കാത്തിരുന്ന മെമു ഒടുവിൽ കണ്ണൂരിലെത്തി. മലബാറിന്റെ വർഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇതോടെ അറുതിയായത്. കൊവിഡ് ഭീഷണിയിൽ ട്രെയിനുകൾ പലതും ഓടാത്തതുകൊണ്ടുതന്നെ സീസൺ ടിക്കറ്റ് യാത്രക്കാരും ഹ്രസ്വദൂര യാത്രക്കാരും ഏറെ ദുരിതത്തിലായിരുന്നു. മെമു വന്നതോടെ മലബാറിലെ യാത്രാദുരിതത്തിന് നേരിയ തോതിൽ പരിഹാരവുമായി.
സർവ്വീസ് നടത്താൻ ദക്ഷിണ റെയിൽവേ തീരുമാനിച്ച ഏഴ് മെമു ട്രെയിനുകളിൽ രണ്ടെണ്ണമാണ് കണ്ണൂരിലെത്തിയത്. രാവിലെ 9.10 ന് എത്തുമെന്നറിയിച്ച മെമു 8.45ന് തന്നെ കണ്ണൂരിൽ എത്തി. കണ്ണൂരിൽ നിന്നു ഷൊർണ്ണൂരിലേക്കും തിരിച്ചുമാണ് സർവ്വീസ്. രാവിലെ 4.30ന് ഷൊർണ്ണൂരിൽ നിന്നും തുടങ്ങുന്ന മെമു 9.10ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് വൈകിട്ട് 5.20ന് പുറപ്പെടുന്ന മെമു രാത്രി 10.55ന് ഷൊർണ്ണൂരിലെത്തും.
ആവശ്യത്തിന് പാസഞ്ചർ ട്രെയിനുകളില്ലാത്തതും ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകളില്ലാത്തതും കാരണം സ്ഥിരംയാത്രക്കാരുടെ ദുരിതം ചെറുതൊന്നുമല്ല.
ആദ്യമായി കണ്ണൂരിലെത്തിയ ഷൊർണ്ണൂർ -കണ്ണൂർ മെമു സർവ്വീസിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാർ കണ്ണൂരിൽ സ്വീകരണം നൽകി.
ലോക്കോ പൈലറ്റ് എം.എസ്. അശോകൻ, അസി. ലോക്കോ പൈലറ്റ് എം. വിഷ്ണു എന്നിവരെ ഹാരാർപ്പണം നടത്തി മധുര പലഹാരം നൽകി സ്വീകരിച്ചു. ചെയർമാൻ അഡ്വ. റഷീദ് കവ്വായി, കോ-ഓർഡിനേറ്റർ ദിനു മൊട്ടമ്മൽ, ആർട്ടിസ്റ്റ് ശശികല, രമേശൻ പനച്ചിയിൽ, കെ. ജയകുമാർ, ചന്ദ്രൻ മന്ന, ജി. ബാബു, വിജയൻ കൂട്ടിനേഴത്ത്, എം. മനോജ്, പി. വിജിത്ത് കുമാർ, ജലീൽ അഡൂർ, സി. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
മംഗലാപുരത്തേക്ക് നീട്ടാത്തതിൽ പ്രതിഷേധം
മെമു സർവ്വീസ് മംഗലാപുരത്തേക്ക് നീട്ടാത്ത റെയിൽവേ നിലപാടിനെതിരെ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പിന്നീട് പ്രതിഷേധവും രേഖപ്പെടുത്തി. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. റഷീദ് കവ്വായി യോഗം ഉദ്ഘാടനം ചെയ്തു .കോ -ഓർഡിനേറ്റർ ദിനു മൊട്ടമ്മൽ അദ്ധ്യക്ഷത വഹിച്ചു.