മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രചാരണത്തിന് ഇറങ്ങിയ സാഹചര്യത്തിൽ നിയോജകമണ്ഡലങ്ങളിലെ സാഹചര്യങ്ങളിലേക്ക് ഒരു എത്തിനോട്ടം
കണ്ണൂർ: ഗ്രൂപ്പ് പോരിൽ കടപുഴകിയ കണ്ണൂർ ലോക് സഭാ മണ്ഡലവും കോർപ്പറേഷനും തിരിച്ചുപിടിച്ച തങ്ങൾക്ക് നിയമസഭാമണ്ഡലം ഒരു ഭീഷണിയല്ലെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി. എഫ്.അവരുടെ ആത്മവിശ്വാസത്തിനു പിന്നിലെ അപകടം എൽ.ഡി. എഫ് തിരിച്ചറിയുന്നുണ്ട്. ഭരണതുടർച്ചയ്ക്ക് കണ്ണൂരും കൂടെയുണ്ടാകുമെന്നു തന്നെയാണ് എൽ.ഡി. എഫിന്റെ അവകാശവാദം.
കഴിഞ്ഞ തവണത്തെ കൈപ്പിഴയിൽ കൈവിട്ടു പോയ മണ്ഡലം ഇത്തവണ ഇങ്ങെടുക്കാൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിലാണ് യു.ഡി. എഫിന്റെ പടപ്പുറപ്പാട്. ജില്ലയിലെ തന്നെ മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പൊട്ടിത്തെറിയൊന്നും കണ്ണൂരിലുണ്ടായില്ല.
എന്നാൽ മണ്ഡലത്തിൽ അഞ്ച് വർഷത്തിനിടെയുണ്ടായ അതിരില്ലാത്ത വികസനം നിരത്തിയാണ് ഇടതുമുന്നണി വോട്ടർമാരിലേക്കിറിങ്ങുന്നത്. കണ്ണൂരിന്റെ മുഖച്ഛായ മാറ്റിയ വികസന പ്രവർത്തനങ്ങളാണ് അഞ്ച് വർഷം കൊണ്ട് നടപ്പിലാക്കിയതെന്ന ഇടതുമുന്നണിയുടെ അവകാശവാദത്തെ യു.ഡി. എഫ് എതിർക്കുന്നത് അടിസ്ഥാനമേഖലയിലെ പിന്നാക്കാവസ്ഥ ഉയർത്തിക്കാട്ടിയാണ്. ഇരുമുന്നണികളുടെയും മുഖംമൂടി പൊളിച്ചെഴുതുന്ന പുതിയ വികസനം കണ്ണൂരിൽ കൊണ്ടുവരുമെന്നാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി. എയുടെ വാഗ്ദാനം.
പള്ളിക്കുന്ന്, പുഴാതി സോണുകൾ ഒഴിച്ചുള്ള കണ്ണൂർ കോർപ്പറേഷൻ, മുണ്ടേരി പഞ്ചായത്ത് എന്നിവ ചേർന്നുള്ളതാണ് നിലവിലെ കണ്ണൂർ നിയമസഭ മണ്ഡലം. ഇതിൽ മുണ്ടേരി ഒഴികെ മറ്റുള്ളതിലെല്ലാം യു.ഡി. എഫിനാണ് മുൻതൂക്കം.
ഇടതുമുന്നണി സ്ഥാനാർത്ഥിയായി കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളിയും യു.ഡി. എഫ് സ്ഥാനാർത്ഥിയായി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയും രണ്ടാം തവണയാണ് പോരിനിറങ്ങുന്നത്. എൻ.ഡി. എയ്ക്കായി പുതുമുഖമാണ്. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. അർച്ചന വണ്ടിച്ചാലാണ് അവരുടെ സ്ഥാനാർത്ഥി.
വോട്ടർമാരെ നേരിൽ കണ്ടും കുടുംബയോഗങ്ങളിൽ പങ്കെടുത്തും എൽ.ഡി. എഫ് സ്ഥാനാർത്ഥി കടന്നപ്പള്ളിയുടെ പര്യടനം രണ്ടാം ഘട്ടത്തിലാണ്. യു.ഡി. എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനിയും പ്രചാരണത്തിൽ സജീവമായിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥി അർച്ചനയും പര്യടന പരിപാടിയിൽ സജീവമാണ്.
കൂറിൽ സ്ഥിരതയില്ലാത്ത കണ്ണൂർ
പ്രമുഖരെ വാഴ്ത്തിയും വീഴ്ത്തിയും മുന്നണികളെ തല്ലിയും തലോടിയുമുള്ള ചരിത്രമുള്ള കണ്ണൂരിൽ ഇത്തവണ എന്ത് സംഭവിക്കുമെന്നത് പ്രവചിക്കാൻ കഴിയാത്ത നിലയിലാണ്. ജില്ലയിലെ രാഷ്ട്രീയ സ്ഥിരത ഇല്ലത്ത മണ്ഡലമെന്ന സവിശേഷത എറ്റവും കൂടുതൽ ചേരുന്നതും കണ്ണൂരിനാണ്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജയിപ്പിച്ചുവിട്ടെന്ന ഖ്യാതിയും കണ്ണൂർ മണ്ഡലത്തിനുണ്ട്. കണ്ണൂരിൽ നിന്ന് ജയിച്ചുകയറിയ ആർ. ശങ്കറായിരുന്നു കേരളത്തിന്റ മൂന്നാമത്തെ മുഖ്യമന്ത്രി. 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പി.എസ്.പി നേതാവ് പട്ടം താണുപ്പിള്ള മുഖ്യമന്ത്രിയായി. പട്ടം പഞ്ചാബ് ഗവർണറായി പോയപ്പോൾ ഉപമുഖ്യമന്ത്രിയായിരുന്നു ആർ. ശങ്കറിന് മുഖ്യമന്ത്രി പട്ടം ലഭിക്കുകയായിരുന്നു.