
ഇരിക്കൂർ: ഇരിക്കൂറിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ കെ.സി. ജോസഫ് എം. എൽ. എയും എം. എം. ഹസ്സനും എ ഗ്രൂപ്പ് നേതാക്കളുമായി നടത്തിയ ചർച്ച വിജയിച്ചില്ല. സ്ഥാനാർത്ഥിയും കെ.സി. വേണുഗോപാലിന്റെ നോമിനിയുമായ സജീവ് ജോസഫിനെ അംഗീകരിക്കില്ലെന്ന നിലപാടിൽ എ ഗ്രൂപ്പ് ഉറച്ചുനിന്നു.
അഡ്വ. സോണി സെബാസ്റ്റ്യൻ, ഡോ.കെ.വി. ഫിലോമിന, എൻ.പി. ശ്രീധരൻ, മുഹമ്മദ് ബ്ളാത്തൂർ, ജോഷി കണ്ടത്തിൽ, പി. മാധവൻ തുടങ്ങിയ എ ഗ്രൂപ്പ് നേതാക്കളാണ് ചർച്ചയ്ക്കെത്തിയത്.
തുടർന്ന് ഇരുവരും കെ. പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും ഇതേ നിലപാട് അവരും ആവർത്തിക്കുകയായിരുന്നു. പ്രതിഷേധം തണുപ്പിക്കാൻ എ ഗ്രൂപ്പിന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തു. എന്നാൽ കെ. സുധാകരൻ പക്ഷത്തിന്റെ കൈവശമുള്ള ഡി.സി.സി പ്രസിഡന്റ് സ്ഥാനം വിട്ടുനൽകാൻ തയ്യാറല്ലെന്ന നിലപാടിൽ അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഉറച്ചു നിന്നു.
ഇരിക്കൂറിൽ വൈകിട്ട് എ ഗ്രൂപ്പിന്റെ സമാന്തര കൺവെൻഷനുമുണ്ടായി. ജില്ലയിലെ പ്രമുഖ നേതാക്കളും പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുത്തു. സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയ ഹൈക്കമാൻഡ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പ്രവർത്തകരായ അണികളെയും കെട്ടി ഇറക്കേണ്ടി വരുമെന്ന് ശ്രീകണ്ഠപുരത്ത് ചേർന്ന എ വിഭാഗം കൺവെൻഷൻ മുന്നറിയിപ്പ് നൽകി.
ഇരിക്കൂറിലെ വലിയ വിഭാഗം കോൺഗ്രസ് പ്രവർത്തകരെ കണ്ണീരണിയിച്ച് പാർട്ടിയുടെ ഉന്നത പദവിയിൽ എത്താമെന്ന് വ്യാമോഹിക്കേണ്ടെന്ന് ചന്ദ്രൻ തില്ലങ്കേരി പറഞ്ഞു.