നീലേശ്വരം: ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന തിരഞ്ഞെടുപ്പിന്റെ ഓർമ്മകളുണ്ട് നീലേശ്വരം പേരോലിലെ കെ.കണ്ണൻനായർക്ക്. അന്ന് പതിനാല് വയസുമാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്തതിന്റെ അനുഭവം ഇന്നലെ പോലെ ഓർമ്മിച്ചെടുക്കുന്നു അദ്ദേഹം.
114 മണ്ഡലങ്ങളായിരുന്നു ആദ്യനിയമസഭ തിരഞ്ഞെടുപ്പിൽ.126 സീറ്റുകളും.102 ഏകാംഗമണ്ഡലങ്ങളും 12 ദ്വയാംഗമണ്ഡലങ്ങളും.പട്ടികജാതിക്കാർക്ക് 11 സീറ്റും പട്ടികവർഗത്തിന് ഒരു സീറ്റും സംവരണം ചെയ്യപ്പെട്ടിരുന്നു.നീലേശ്വരം ദ്വയാംഗമണ്ഡലമായിരുന്നു. നീലേശ്വരം തൊട്ട് തളിപ്പറമ്പ് വരെയായിരുന്നു നീലേശ്വരം മണ്ഡലം. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികളായി പൊതുസീറ്റിൽ ഇ.എം.എസും സംവരണസീറ്റിൽ കല്ലളൻവൈദ്യരും. പൊതുസീറ്റിൽ ഉണ്ണിക്കൃഷ്ണൻ തിരുമുമ്പും സംവരണത്തിൽ പി.അച്ചു കൊയോനായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികൾ.പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംവരണ സ്ഥാനാർത്ഥി എം.പി.മാധവന്റെ പത്രിക തള്ളി. സംവരണസീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി അച്ചു കോയോന് വോട്ടുചെയ്യാമെന്നും പൊതുസീറ്റിൽ തങ്ങളുടെ സ്ഥാനാർത്ഥി ടി.വി.കോരന് വോട്ടുനൽകണമെന്നുമുള്ള പി.എസ്.പിയുടെ നിർദ്ദേശം ഉണ്ണിക്കൃഷ്ണൻ തിരുമുമ്പ് സ്വീകരിച്ചില്ല. ധാരണ പൊളിഞ്ഞു.എല്ലാവരും വെവ്വേറെ മത്സരിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി അജയഘോഷ് അടക്കം പങ്കെടുത്ത് നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ഇ.എം.എസിന്റെ ആദ്യതിരഞ്ഞെടുപ്പ് യോഗം കണ്ണൻനായരുടെ ഓർമ്മയിലുണ്ട്. മെഗാഫോണിലൂടെയായിരുന്നു അറിയിപ്പ് കിട്ടിയത്. പത്രക്കടലാസിൽ കൈകൊണ്ടെഴുതിയുള്ള പോസ്റ്ററും നീലം മുക്കിയുള്ള ചുവരെഴുത്തും. യോഗത്തിൽ ഉച്ചഭാഷണിയുണ്ടാകുമെന്ന അറിയിപ്പ് നോട്ടീസിൽ പ്രത്യേകമുണ്ടാകും.
വോട്ടഭ്യർത്ഥിക്കാൻ നീലേശ്വരം, പള്ളിക്കര, പാലായി പട്ടേന എന്നിവിടങ്ങളിൽ ഇ.എം.എസ് എത്തിയിരുന്നു. പട്ടേനയിൽ പരേതനായ കമ്പല്ലൂർ കോട്ടയിൽ ഗോവിന്ദൻ നമ്പ്യാരുടെ(സി.പി.എം നേതാവ് കെ.പി.സതീഷ് ചന്ദ്രന്റെ പിതാവ്) വീട്ടിൽ നിന്നായിരുന്നു ഇ.എം.എസിന് ഭക്ഷണമെന്ന് കണ്ണൻ നായരുടെ ഓർമ്മയിലുണ്ട്. പ്രചാരണത്തിന് എ.കെ.ജിയും സജീവമായി പങ്കെടുത്തിരുന്നു.
വീടുകളിൽ കയറിയിറങ്ങിയാണ് കമ്മ്യൂണിസ്റ്റുകാരുടെ വോട്ടഭ്യർത്ഥന. കാര്യങ്കോട് പുഴയിൽ വലിയ തോണിയിൽ കയറി പെടോ മാക്സിന്റെ വെളിച്ചത്തിൽ മെഗാഫോൺ വഴിയും വോട്ടഭ്യർത്ഥിച്ചിരുന്നു.
വോട്ടെടുപ്പ് നീലേശ്വരം രാജാസ് ഹൈസ്കൂളിലായിരുന്നു നടന്നത്. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരുന്നു വോട്ടിംഗ്.സ്ഥാനാർത്ഥിക്ക് ഒരു പെട്ടി എന്ന കണക്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കും കോൺഗ്രസിനും രണ്ട് വീതവും പി.എസ്.പിയ്ക്ക് ഒന്നും പെട്ടിയായിരുന്നു ഉണ്ടായിരുന്നത്. .ഫലം വന്നപ്പോൾ സി.പി.ഐയുടെ ഇരുസ്ഥാനാർത്ഥികളും ജയിച്ചു.ഇ.എം.എസിന് 38,090വോട്ട് കിട്ടിയപ്പോൾ 44,754വോട്ട് നേടിയ കല്ലളൻ വൈദ്യർ ഞെട്ടിച്ചു.ഉണ്ണികൃഷ്ണൻ തിരുമുമ്പിന് 20,938വോട്ടുകളും ടി.വി.കോരന് 24,203 വോട്ടും ലഭിച്ചു.
ഇ.എം.എസ് ജയിച്ചതറിഞ്ഞ് അന്ന് 'കേരവൃക്ഷങ്ങളാൽവന്ദിതമാകിയ കേരളമെന്നൊരു നാട്' എന്ന് തുടങ്ങുന്ന ഒരു കവിത എഴുതിയതായും കണ്ണൻനായർ പറഞ്ഞു. പ്രായാധിക്യം മൂലം സി.പി.എം. ജില്ലാകമ്മറ്റിയിൽ നിന്ന് ഒഴിഞ്ഞ് പേരോൽ ലോക്കൽ കമ്മറ്റിയംഗമായി പ്രവർത്തനമണ്ഡലം ചുരുക്കിയിരിക്കുകയാണ് ഇദ്ദേഹം.