മാതമംഗലം: കൊവിഡ് ഒരു പരിധി വരെ നിയന്ത്രണ വിധേയമായെങ്കിലും ജാഗ്രതക്കുറവുണ്ടായാൽ പഴയ സ്ഥിതിയിലേക്ക് തിരിച്ചു പോകാനുള്ള സാദ്ധ്യത നിലനില്ക്കുന്നതിനാൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാൻ എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്ത് തല കൊവിഡ് ജാഗ്രതാ സമിതി തീരുമാനിച്ചു.
പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങൾ തുറന്ന സ്ഥലത്ത് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്തണം. സംസാരിക്കുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. ഗവ. നിർദ്ദേശ പ്രകാരമല്ലാതെ സ്‌കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. ഗവ. നിർദ്ദേശ പ്രകാരം നടത്തുന്ന ക്ലാസുകൾ, പരീക്ഷ തുടങ്ങിയവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ തെർമ്മൽ സ്‌കാനർ ഉപയോഗിച്ച് താപനില പരിശോധിച്ചതിന് ശേഷം മാത്രം പ്രവേശിപ്പിക്കേണ്ടതും മറ്റ് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്.