
തളിപ്പറമ്പ്: സി.പി.എമ്മിന്റെ സൈദ്ധാന്തിക മുഖമായ എം.വി. ഗോവിന്ദനെ ചെറുപ്പം കൊണ്ട് നേരിടാനാണ് ഇക്കുറി കോൺഗ്രസ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായ അഡ്വ. വി.പി.അബ്ദുൾ റഷീദിനെ ഇറക്കിയത്. മണ്ഡലത്തിലെ തങ്ങളുടെ കരുത്ത് കാണിക്കുന്നതിന് സംസ്ഥാനസമിതിയംഗം എ.പി. ഗംഗാധരനെയാണ് ബി.ജെ.പി പോരിനിറക്കിയിരിക്കുന്നത്.
നിലവിൽ തളിപ്പറമ്പ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സി.പി.എമ്മിലെ ജെയിംസ് മാത്യവാണ്. നാൽപതിനായിരത്തിൽ പരം വോട്ടിനായിരുന്നു അഞ്ചുവർഷം മുമ്പ് അദ്ദേഹത്തിന്റെ ജയം. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിയ മേൽക്കൈ നേടിയതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം തന്നെയാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ പതിനാറായിരം വോട്ടിന്റെ ലീഡ് മണ്ഡലത്തിൽ എൽ.ഡി.എഫിനുണ്ട്.
തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും ചപ്പാരപ്പടവ്, കുറുമാത്തൂർ, കൊളച്ചേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പരിയാരം പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് നിയോജക മണ്ഡലം. ഇതിൽ തളിപ്പറമ്പ നഗരസഭയും ചപ്പാരപ്പടവ് പഞ്ചായത്തും കൊളച്ചേരിയും യു.ഡി.എഫ് ഭരണത്തിലാണ്. മറ്റിടങ്ങൾ സി.പി.എമ്മിന് ഭൂരിപക്ഷമുള്ള പ്രദേശമാണ്. ആന്തൂരിൽ പ്രതിപക്ഷം പേരിന് പോലുമില്ലെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ തവണ ബി.ജെ.പി 14,000 വോട്ട് മണ്ഡലത്തിൽ നേടിയിട്ടുണ്ട്. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ മൂന്ന് കൗൺസിലർമാർ ബി.ജെ.പിക്കുണ്ട്.
1996ലും 2001ലും തളിപ്പറമ്പിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എം.വി.ഗോവിന്ദൻ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മേൽകൈ നേടാനായതും മലബാറിൽ വേരുള്ള ജോസ് കെ. മാണി വിഭാഗം കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശവും ഇടതുപക്ഷത്തിന് ആത്മവിശ്വാസം നൽകുന്നുണ്ട്. സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ എം.വി.ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, കണ്ണൂർ, എറണാകുളം ജില്ലാസെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റുമാണ് അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം.അനുഷ്ടിച്ചിട്ടുണ്ട് .
കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി. പബ്ലിസിറ്റി കമ്മിറ്റി അംഗവുമാണ് നിലവിൽ നിയമത്തിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായ വി.പി. അബ്ദുൾ റഷീദ്. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് കാമ്പസിൽ എൽ.എൽ.എം.(ക്രിമിനോളജി) ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണിദ്ദേഹം. മികച്ച പ്രസംഗകനെന്ന നിലയിലും യു.ഡി.എഫ് വേദികളിലെ സാന്നിദ്ധ്യമാണ് ഈ ചെറുപ്പക്കാരൻ. പുതുച്ചേരി, തമിഴ്നാട്, കർണാടക, ലക്ഷ്വദീപ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിലെ പ്രചാരണചുമതല വഹിച്ചിട്ടുണ്ട്.
തൃച്ചംബരത്ത് താമസിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി എ.പി.ഗംഗാധരൻ ആർ.എസ്.എസിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. തൃച്ചംബരം ശാഖാ മുഖ്യ ശിക്ഷക്, മണ്ഡൽകാര്യവാഹ്, താലൂക്ക് സഹ കാര്യവാഹ്, കാര്യവാഹ്, ജില്ലാ ബൗദ്ധിക് പ്രമുഖ് തുടങ്ങിയ ചുമതലകൾ വഹിച്ചു. പിന്നീട് ബി.ജെ.പി തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, കോഴിക്കോട് മേഖല വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു.