കാസർകോട്: ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ സി .എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവർ നാമനിർദേശപത്രിക നൽകി. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി വി .വി. രമേശനും കാസർകോട്ടെ സ്ഥാനാർത്ഥി എം .എ. ലത്തീഫും നാളെ പത്രിക നൽകും.മന്ത്രി ഇ.ചന്ദ്രശേഖരനും ഇന്നലെ പത്രിക നൽകിയിരുന്നു.
ഉദുമയിൽ മത്സരിക്കുന്ന സി .എച്ച്. കുഞ്ഞമ്പു സി .പി .എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായി കാസർകോട് കളക്ടറേറ്റിലെത്തി വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ സി. എൽ. ജയജോസ് രാജ് മുമ്പാകെയാണ് പത്രിക നൽകിയത്. സി.പി. എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ, കെ കുഞ്ഞിരാമൻ എം.എൽ.എ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. കുമ്പോൽ സയ്യദ് കുഞ്ഞികോയ തങ്ങളാണ് സി .എച്ച് .കുഞ്ഞമ്പുവിന് കെട്ടിവെക്കാനുള്ള തുക നൽകിയത്. തൃക്കരിപ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. രാജഗോപാലൻ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ രാജലക്ഷ്മിയുടെ മുമ്പാകെയാണ് പത്രിക നൽകിയത്. സി.പി.എം ജില്ല സെക്രട്ടറി എം. വി. ബാലകൃഷ്ണൻ, എൽ.ഡി.എഫ് നേതാക്കളായ പി. ജനാർദനൻ, സാബു എബ്രഹാം, കെ. പി വത്സലൻ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.