മാഹി: മാഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്ന സത്യൻ കേളോത്തിനെ അനുകൂലിക്കുന്നവരുടെ പരസ്യ പ്രതിഷേധം. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് പ്രഖ്യാപിച്ച രമേശ് പറമ്പത്തിന്റെ സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കണമെന്നും,
ഈ ആവശ്യമുന്നയിച്ച് കോൺഗ്രസ് ഹൈക്കമാന്റിനും, സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ടെന്നും മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.വി.ഹരീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
യഥാർത്ഥ ലിസ്റ്റ് അട്ടിമറിച്ചു കൊണ്ട് പെയ്‌മെന്റ് സീറ്റിലൂടെയാണ് സ്ഥാനാർത്ഥിയെ മാഹിയിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനെ തകർക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടു പോകും.
കഴിഞ്ഞ തവണത്തെ പരാജയം ആവർത്തിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി. കച്ചവട രാഷ്ട്രീയം മയ്യഴിയിൽ ആവശ്യമില്ല. ഇന്നത്തെ ഈ ദുരവസ്ഥ ജനങ്ങളെ അറിയിക്കാൻ രണ്ടു ദിവസത്തിനകം മൂലക്കടവ് മുതൽ പൂഴിത്തല വരെയുള്ള പ്രചാരണ പദയാത്ര നടത്തും. അൻസിൽ അരവിന്ദ്, അലി അക്ബർ ഹാഷിം (എൻ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്), വരുൺ അരവിന്ദ് (സെക്രട്ടറി, എൻ.എസ്.യു, മാഹി ) വിനീത്.എസ്.പി , രാഹുൽ.ടി (ജന.സെക്രട്ടറി, യൂത്ത് കോൺഗ്രസ്, മാഹി) എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.