poinj

പിണറായി(കണ്ണൂർ): ആറ് മാസത്തെ കണക്കെടുത്താൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കേരളത്തിൽ കൊവിഡ് രോഗവ്യാപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നിനും താഴേക്ക് വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിയന്ത്രിക്കുന്നതിനെ കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിനന്ദിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരാഴ്ചയായി രോഗികളുടെ എണ്ണത്തിൽ 31 ശതമാനത്തിന്റെ കുറവുണ്ടായി. പിണറായി കൺവെൻഷൻ സെന്ററിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് 14 ലക്ഷത്തിലേറെപ്പേർക്ക് വാക്‌സിനേഷൻ നൽകാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവുമധികം പേർ കൊവിഡ് പരിശോധന നടത്തിയ സംസ്ഥാനങ്ങളിലൊന്നും കേരളമാണ്.
ബ്രേക്ക് ദ ചെയിൻ കാമ്പെയ്ൻ തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയായി. ബ്രേക്ക് ദ ചെയിൻ പദ്ധതി രോഗപ്രതിരോധ പ്രവർത്തനം ഫലപ്രദമാക്കി.

തിരഞ്ഞെടുപ്പ് കാലത്ത് ഓരോ ഇടപെടലും ജാഗ്രതയോടെ വേണം. തന്നിൽ നിന്ന് രോഗം പകരില്ലെന്ന നിർബന്ധബുദ്ധി ഓരോരുത്തരും കാണിക്കണം
അന്തരീക്ഷത്തിൽചൂട് വർദ്ധിക്കുന്നു. ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ള തീരദേശ സംസ്ഥാനമാണ് കേരളം. സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് സാദ്ധ്യതയുണ്ട്. പകൽസമയത്ത് 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. കുടിവെള്ളം കൈയിൽ കരുതണം, ശുദ്ധജലം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു.