pinaryi-

കണ്ണൂർ : നേമത്ത് പുതിയ ശക്തനെ ഇറക്കിയത് യഥാർത്ഥ പോരാട്ടത്തിനാണോയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണോ പുതിയ ശക്തന്റെ വരവെന്ന് വരുംദിവസങ്ങളിൽ വ്യക്തമാകുമെന്നും കൺവെൻഷൻ സെന്ററിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ ഭാഷയിൽ പറഞ്ഞാൽ സംസ്ഥാനത്ത് ആദ്യമായി താമര വിരിയിച്ച മണ്ഡലമാണ് നേമം. സ്വന്തം വോട്ട് ബി.ജെ.പിക്ക് കൊടുത്താണ് അതിന് കോൺഗ്രസ് അവസരമുണ്ടാക്കിയത്. നേമത്ത് 2011 ൽ കിട്ടിയ വോട്ട് എന്തുകൊണ്ട് യു.ഡി.എഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയില്ല?.

ബി.ജെ.പി സ്ഥാനാർത്ഥിക്ക് നേമത്ത് വോട്ട് മറിച്ചു കൊടുത്തുവെന്നു കോൺഗ്രസിന് സമ്മതിക്കേണ്ടിവരുന്നു. ബി.ജെ.പിയെ ജയിപ്പിക്കാൻ കോൺഗ്രസ് അവരുമായി ഒത്തുകളിച്ചെന്നു വേണം കരുതാൻ. പുതിയ സാഹചര്യത്തിൽ തെറ്റ് ഏറ്റുപറയാൻ കോൺഗ്രസ് തയ്യാറാവണ്ടേ? മതേതര കേരളത്തോട് കോൺഗ്രസ് മാപ്പു പറയണം.ബി.ജെ.പിക്ക് വിലയ്ക്ക് വാങ്ങാൻ കഴിയുന്ന വസ്തുവായി കോൺഗ്രസ് മാറി. ഗോവ, മണിപ്പൂർ, മദ്ധ്യപ്രദേശ്, കർ‌ണാടക, ഒടുവിൽ പുതുച്ചേരിയിലും നമ്മൾ കണ്ടതാണ്. ഇപ്പോൾ നേമത്തും അതാണ് സ്ഥിതി. അവിടെ യഥാർത്ഥ പോരാട്ടം ആരൊക്കെ തമ്മിലാണെന്ന് വോട്ടെണ്ണിക്കഴിയുമ്പോൾ അറിയാം.

സീറ്റ് നിഷേധിച്ചതിന്റെ പേരിൽ മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്ത് നടത്തിയ പ്രതിഷേധത്തെ പാർട്ടി നേതൃത്വം കുറെക്കൂടി രാഷ്ട്രീയ പക്വതയോടെ കാണേണ്ടതായിരുന്നു. അതവരുടെ പാർട്ടിയിലെ പ്രശ്നം. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ല.

മുല്ലപ്പള്ളിക്ക് മറുപടി

നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിടത്ത് സി.പി.എം - ബി.ജെ.പി ധാരണയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെപ്പറ്റി : കോന്നിയിലും ചെങ്ങന്നൂരിലും ആരാണ് ജയിച്ചതെന്ന് മുല്ലപ്പള്ളിക്ക് അറിയാമല്ലോ. നാല് വോട്ടിനു വേണ്ടി വർഗീയതയുമായി സമരസപ്പെടുന്ന രീതി എൽ.ഡി.എഫിനില്ല.

കുറ്റ്യാടി പ്രശ്നം

പാർട്ടി സ്ഥിരമായി ജയിച്ചുവന്ന കുറ്റ്യാടി സീറ്റ് ഘടകകക്ഷിക്ക് നൽകിയപ്പോൾ പ്രാദേശികമായി ചില വികാര പ്രകടനങ്ങളുണ്ടായി. എന്നാൽ പിന്നീട് ആ ഘടകകക്ഷി തന്നെ സീറ്റ് നൽകിയത് ശ്ളാഘനീയമായ പ്രവർത്തനമായി കാണുന്നു. അവരുടെ ഉദാരമനസിനെ തുടർന്നാണ് വീണ്ടും സി.പി. എം അവിടെ മത്സരിക്കാൻ തയ്യാറായതും. ഇതൊരു കീഴ്‌വ‌ഴക്കമായി കാണേണ്ടതില്ല.

വാളയാറിലെ അമ്മ വരുമ്പോൾ

വാളയാറിലെ അമ്മ ധർമ്മടത്ത് മത്സരിക്കാൻ വരുന്നതിൽ ഞങ്ങൾക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ല. ആ അമ്മയുടെ വികാരത്തിനൊപ്പമാണ് ഞങ്ങൾ നിന്നത്. സി.ബി.ഐ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടപ്പോൾ സർക്കാർ അതിനും വഴങ്ങി. പുനരന്വേഷണമോ തുടരന്വേഷണമോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് സി.ബി.ഐയാണ്.

ചേർത്തലയിലെ പ്രശ്നം

ചേർത്തലയിൽ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ ആളെയാണ് പാർട്ടി പുറത്താക്കിയത്. അയാൾ ഏതെങ്കിലും പാർട്ടിയിൽ പോയി മത്സരിക്കുന്നത് ആ വ്യക്തിയുടെ അപചയമായി മാത്രമേ കാണാനാവൂ.