inc

കണ്ണൂർ: ഇരിക്കൂർ നിയോജക മണ്ഡലം കോൺഗ്രസിനും മുന്നണിക്കും കീറാമുട്ടിയാകുന്നു. ഇരിക്കൂറിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ട് സ്ഥാനാർത്ഥിയെ നിർത്തിയതാണ് എ,ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തമ്മിലടി രൂക്ഷമായത്. എ ഗ്രൂപ്പിലെ അഡ്വ. സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണം എന്നാണ് മണ്ഡലത്തിൽ ഉയരുന്ന ആവശ്യം. എ ഗ്രൂപ്പ് നേതാവും മുൻ മന്ത്രിയുമായ കെ.സി. ജോസഫ് കഴിഞ്ഞ 35 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ആളാണ്. കെ.സിയുടെ അഭാവത്തിൽ മണ്ഡലം തങ്ങൾക്ക് തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് എ വിഭാഗം. എന്നാൽ ഐ വിഭാഗത്തിലെ സജീവ് ജോസഫിനെയാണ് ഇരിക്കൂറിൽ സ്ഥാനാർത്ഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ച് ദിവസങ്ങളായി നടക്കുന്ന പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ അടക്കം അമ്പത് പേരുടെ രാജിയിൽ എത്തിനിൽക്കുകയാണ്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും പ്രവർത്തകർ രാജിവെക്കുമെന്നും ഇത് തിരഞ്ഞെടുപ്പ് വിജയത്തെ കാര്യമായി ബാധിക്കുമെന്നും സോണി സെബാസ്റ്റ്യൻ കോരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.

സജീവിനെ മാറ്റി സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥി ആക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എ വിഭാഗം നേതാക്കൾ. ഇത് അംഗീകരിച്ചില്ലെങ്കിൽ വിമത സ്ഥാനാർത്ഥിയെ നിർത്തുന്നതടക്കം തീരുമാനിക്കാൻ എ വിഭാഗം പതിനഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നം പറഞ്ഞുതീർക്കാൻ നേതാക്കളായ എം.എം. ഹസനും കെ.സി. ജോസഫും ഇരിക്കൂറിൽ എത്തിയെങ്കിലും പരിഹാരം കാണാതെ മടങ്ങുകയായിരുന്നു. കണ്ണൂരിൽ നിന്ന് മടങ്ങിയ ഇരുവരും ഇന്ന് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പ്രശ്നത്തിന്റെ ഗൗരവം ധരിപ്പിക്കും. കണ്ണൂർ ഡി.സി.സി അദ്ധ്യക്ഷ പദവി എ വിഭാഗത്തിന് നൽകി സുധാകരന് താത്പര്യമുള്ള മറ്റൊരാളെ വേറെ ഏതെങ്കിലും ജില്ലയിൽ അദ്ധ്യക്ഷനാക്കാം എന്ന ഫോർമുലയും ചർച്ചയിലുണ്ട്.

എന്നാൽ സുധാകരൻ ഇതിനോട് പ്രതകരിച്ചിട്ടില്ല എന്ന് മാത്രമല്ല, നിലപാട് കടുപ്പിക്കുകയും ചെയ്തു. അതേസമയം പ്രതിഷേധങ്ങൾക്ക് ചെവി കൊടുക്കാതെ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രചാരണവുമായി മുന്നോട്ട് പോകാനാണ് സജീവ് ജോസഫ് വിഭാഗത്തിന്റെ നീക്കം. കെ.സി. വേണുഗോപാലിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഹൈക്കമാൻഡ് നോമിനിയായി സജീവ് ജോസഫ് ഇരിക്കൂറിൽ സ്ഥാനാർത്ഥി ആയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇരിക്കൂർ കൂടി നഷ്ടപ്പെട്ടതോടെ ജില്ലയിൽ എ വിഭാഗത്തിന് എം.എൽ.എമാരില്ലാത്ത സ്ഥിതിയാകും. ഇരിക്കൂറിന് പുറമെ കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിലും ഗ്രൂപ്പ് യോഗങ്ങൾ വിളിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ട് നിൽക്കാനാണ് എ ഗ്രൂപ്പ് ആലോചന. കെ.സി വേണുഗോപാലിന്റെ നിലപാടാണ് ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ തകരാൻ ഇടയാക്കിയതെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.