
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം തങ്ങളെ സമീപിക്കുന്ന രാഷ്ട്രീയക്കാരോട് ചിലത് പറയാൻ തയാറെടുക്കുകയാണ് ശ്രീകണ്ഠപുരം, ആലക്കോട്, കൊട്ടിയൂർ പ്രദേശത്തെ കശുവണ്ടി കർഷകർ
ശ്രീകണ്ഠപുരം : കഴിഞ്ഞ വർഷം 135 രൂപ വരെ കിട്ടിയിരുന്നു കശുവണ്ടിക്ക്. ഈ വർഷം തുടക്കത്തിൽ തന്നെ 97 മാത്രം. സർക്കാർ തറവില നിശ്ചയിക്കാത്തതിനാൽ വ്യാപാരികൾ തോന്നിയ വിലയ്ക്കാണ് കശുവണ്ടി എടുക്കുന്നത്. ഓരോ ദിവസവും ഓരോ വിലയാണ്. അതിവർഷവും കൊടുചൂടും കാരണം വലിയതോതിൽ കൃഷിനാശമുണ്ടായതിന് പുറമേയാണ് കർഷകർക്ക് ഈ ഇരുട്ടടി.
കശുവണ്ടിക്ക് സീസൺ തുടങ്ങുമ്പോൾ മാത്രമാണ് അല്പമെങ്കിലും വില കിട്ടുന്നത്. പ്രത്യേക കാരണമൊന്നുമില്ലാതെ വില കുറക്കാറാണ് പതിവ്. കഴിഞ്ഞവർഷം തുടക്കത്തിൽ 135 രൂപ ലഭിച്ചുവെങ്കിലും വിളവെടുപ്പ് തുടങ്ങിയതോടെ ഇത് അൻപതുരൂപയിലേക്ക് താഴ്ന്നു. ഒറ്റ മഴയ്ക്ക് പിന്നാലെ വീണ്ടും വിലയിടിഞ്ഞു. മാറി വരുന്ന സർക്കാറുകൾക്ക് മുമ്പിൽ കശുവണ്ടി കർഷകരുടെ പ്രശ്‌നങ്ങളും കശുവണ്ടി മേഖലയെ സംരക്ഷിക്കുന്നതിനായി കശുമാങ്ങയിൽ നിന്ന് വൈവിധ്യങ്ങളായ ഉത്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുവാനുള്ള നിർദേശങ്ങളും മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു.
കശുമാവ് കൃഷിയിൽ ഉത്പാദനം വലിയ തോതിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പുഴുശല്യം കാരണം കശുമാവുകൾ വ്യാപകമായി നശിച്ചതും ഉത്പാദനച്ചെലവിനനുസരിച്ചുള്ള വില ലഭിക്കാത്തതും കർഷകരെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുകയാണ്. ജനുവരി മാസത്തോടെ തുടങ്ങുന്ന കശുവണ്ടിയുടെ വിളവെടുപ്പ് ഫെബ്രുവരി, മാർച്ച് മാസത്തോടെ പൂർണ വിളവെടുപ്പിന് സജ്ജമാകുന്നതാണ് പതിവ്.
ക്വിന്റൽ കിട്ടിയിടത്ത് കിട്ടുന്നത് രണ്ടുകിലോ
ദിവസേന ക്വിന്റലിലേറെ കശുവണ്ടി ശേഖരിച്ചിരുന്ന സ്ഥാനത്ത് രണ്ടു കിലോഗ്രാം മാത്രമാണിപ്പോൾ ലഭിക്കുന്നതെന്ന് കർഷകർ പറഞ്ഞു.
എന്നാൽ കർഷകരിൽ പലരും തളരാതെ വീണ്ടും കശുമാവിൻ തൈകൾ വച്ചുപിടിപ്പിക്കുകയാണ്. ചെങ്കുത്തായ പ്രദേശത്തെ നശിച്ച കശുമാവുകൾ നീക്കി വീണ്ടും പുതിയവ നട്ടിരിക്കുകയാണവർ.ഗ്രാഫ്റ്റ് കശുമാവിനെക്കാൾ ഈ പ്രദേശങ്ങളിൽ നാടൻ ഇനങ്ങളാണ് അനുയോജ്യമെന്ന് കർഷകർ പറയുന്നു. കശുമാവിൻ തൈകൾ വാങ്ങുന്നതിന് വലിയ തുക നൽകി.നഷ്ടപരിഹാരം ലഭിച്ചാൽ ചെറിയൊരാശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വാഴയോ മറ്റു വിളകളോ പ്രദേശത്ത് നട്ടാൽ കാട്ടുമൃഗങ്ങളിറങ്ങി നശിപ്പിക്കും.
പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകി. എന്നാൽ കശുമാവ് നശിച്ച് വരുമാനം നിലച്ച ഞങ്ങളെ പരിഗണിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
തങ്ങളുടെ ജീവിതോപാധിയായ കശുമാവുകൾ നശിച്ചുപോയിട്ട് ഒന്ന് തിരിഞ്ഞുനോക്കാൻ പോലും രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘം തയാറായില്ല.2019ലെ അതിവർഷത്തോടെ കശുമാവുകൾ പൂർണമായും നശിച്ചു.പല ജനപ്രതിനിധികളെയും കണ്ട് തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണമെന്ന് അപേക്ഷിച്ചിട്ടും ഒരു സഹായവും ചെയ്തില്ല.കൂടുതൽ തോട്ടമുണ്ടായിരുന്ന 33 കർഷകർ ചേർന്ന് കൊട്ടിയൂർ കൃഷിഭവനിൽ നൽകിയ നിവേദനം സ്വീകരിക്കാൻ പോലും ഓഫീസർ തയാറായില്ല
- ഒരു സംഘം കർഷകർ