madivayal
മടിവയലിൽ രണ്ടു കുട്ടികളുടെയും പിതാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ വീട്

ചെറുവത്തൂർ: നാടിനെ നടുക്കിയ ഒരു ദുരന്ത വാർത്തയാണ് ഇന്നലെ ചെറുവത്തൂർ ഉണർന്നത്.ആറും പതിനൊന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയ പിതാവ് തൂങ്ങിമരിച്ചുവെന്നറിഞ്ഞ് നാട് നടുങ്ങുകയായിരുന്നു.കേട്ടുകേൾവി മാത്രമായിരുന്ന ഇത്തരം ദുരന്തം നേരിട്ട് കണ്ടവരുടെയെല്ലാം ചങ്കുപൊടിയുകയായിരുന്നു.

വിവരമറിഞ്ഞ് ചെറുവത്തൂർ റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ മടിക്കുന്നിലേക്ക് നാട് ഒഴുകിയെത്തുകയായിരുന്നു . ഹൃദയഭേദകമായിരുന്നു ആ കാഴ്ച. പാതി പൂർത്തിയാക്കിയ വീടിന്റെ ഹാളിൽ തേപ്പുപണിക്കായി കൂട്ടിയിട്ട മണലിൽ മരിച്ചു കിടക്കുന്ന 11 വയസുകാരി വൈദേഹിയും ആറുവയസുകാരൻ ശിവനന്ദും . സമീപത്തു തന്നെ ഒരു കഷണം പ്ളാസ്റ്റാക്ക് കയർ. മുകൾ നിലയിലെ നിർമ്മാണത്തിലിരിക്കുന്ന മുറിയുടെ കട്ടിലയിൽ കെട്ടി പുറത്തേക്ക് തൂങ്ങി നിൽക്കുന്ന പിതാവ് രൂകേഷ്. ഈ കുരുന്നുകളോടെന്തിനീ ക്രൂരതയെന്ന് പറഞ്ഞ് കരയുകയായിരുന്നു സ്ത്രീകളടക്കമുള്ളവർ.

മടിക്കുന്നിന് മുകളിലെ പാതി പൂർത്തിയായ വീട്ടിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. രൂകേഷ് (39) മദ്യലഹരിയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംശയാസ്പദമായി മറ്റൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല.

പടന്ന ഓരിയിലെ മുൻ ഓട്ടോ ഡ്രൈവറായ മരിച്ച രൂകേഷ് മടിവയലിലാണ് താമസം..കാഞ്ഞങ്ങാട് ചാലിങ്കാൽ സ്വദേശിയായ ഭാര്യയുമായി ഒരു വർഷത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. കുട്ടികളും അമ്മയ്ക്കൊപ്പമായിരുന്നു. വൈദേഹിയുടെ പിറന്നാൾ പ്രമാണിച്ച് കഴിഞ്ഞ തിങ്കളാഴ്ച മടിവയലിലേക്ക് പിതാവ് മക്കളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. 16ന് ഉച്ചക്ക് പിറന്നാൾ ഭക്ഷണമൊക്കെ കഴിച്ച ശേഷം മക്കളെയും കൂട്ടി പുറത്തിറങ്ങിയ രുകേഷ് തിരിച്ചെത്തിയില്ല. അമ്മയുടെ വീട്ടിൽ കുട്ടികളെ എത്തിച്ചിട്ടുണ്ടാകുമെന്നായിരുന്നു രൂകേഷിന്റെ വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ അവിടെയെത്തിയില്ലെന്ന വിവരം ലഭിച്ചതോടെ ഇന്നലെ പുലർച്ചെ സഹോദരൻ ഉമേശൻ അന്വേഷിച്ചിറങ്ങിയപ്പോഴാണ് രുകേഷ് പണിതു കൊണ്ടിരിക്കുന്ന കുന്നിൻ മുകളിലെ വീട്ടിൽ മൂന്നുപേരും മരിച്ച നിലയിൽ കണ്ടത്.

.വിവരമറിഞ്ഞ് ചന്തേര പൊലീസ് ഉടൻ സ്ഥലത്തെത്തി. ജില്ലാ പൊലീസ് മേധാവി പി.ബി.രാജീവ്,ഡിവൈ.എസ്.പി.സജീവ് വാഴവളപ്പിൽ, ചന്തേര പൊലീസ് ഇൻസ്പെക്ടർ ജേക്കബ്,എസ്.ഐ.സഞ്ജയ് കുമാർ, പ്രസന്നൻ, സതീശൻ, ജേക്കബ് തുടങ്ങിയവരും സംഘവും സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വിസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണം സംബന്ധിച്ച് പറയാൻ സാധിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.