പാനൂർ:തുടക്കത്തിൽ തന്നെ പ്രചാരണരംഗം സജീവമാണ് കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ. മുൻമന്ത്രി കെ.പി.മോഹനനും മുസ്ലിം ലീഗ് നേതാവ് പി.കെ.അബ്ദുള്ളയും ബി.ജെ.പി സ്ഥാനാർത്ഥി സി.സദാനന്ദനും പ്രചാരണം ഊർജ്ജിതമാക്കിയതോടെ തുടക്കത്തിൽ തന്നെ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ പോരാട്ടം കനത്തു.
പിതാവും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ പി.ആർ. കുറുപ്പിന്റെ സ്മ്യതിമണ്ഡപത്തിൽ എത്തി വന്ദിച്ച ശേഷമാണ് കെ. പി. മോഹനൻ പുത്തൂരിലെ തന്റെ വീട്ടിൽനിന്നും പാർട്ടി പ്രവർത്തകരോടും എൽ ഡി എഫ് നേതാക്കളോടുമൊപ്പം പാനൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിെലേക്ക് ഇന്നലെ ഇറങ്ങിയത്. ഇവിടെ നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനായി എൽ ഡി എഫ് നേതാക്കളോടൊപ്പം കണ്ണൂർ എക്കണോമിക്സ് ആന്റ് . സ്റ്റാറ്റിറ്റിക്സ്. ഡയറക്ടർ മുമ്പാകെ എത്തി. പത്രികാസമർപ്പണത്തിന് ശേഷം കോട്ടയം അങ്ങാടി സന്ദർശിച്ച് വോട്ടഭ്യർത്ഥന. വികസന തുടർച്ചയ്ക്ക് ഒരു വോട്ട് എന്നതാണ് മോഹനന്റെ അഭ്യർത്ഥന. തുടർന്ന് കൂത്തുപറമ്പ് ടൗണിൽ രണ്ടാം ഘട്ട പ്രചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് വോട്ടർമാരെ നേരിൽ കണ്ടു. പ്രമുഖരായ എൽ .ഡി.എഫ് നേതാക്കളും അണികളും മോഹനേനോടൊപ്പമുണ്ടായിരുന്നു.
യു.ഡി.എഫ് സ്ഥാനാർത്ഥി പൊട്ടക്കണ്ടി അബ്ദുള്ള പാനൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നു. കാലത്ത് ഒമ്പത് മണിക്ക് കൂത്തുപറമ്പ് ടൗണിലെത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചാണ് ഇന്നലെ പ്രചരണം തുടങ്ങിയത്. നാടിന്റെ വികസനത്തിനും സമാധാനത്തിനും വിശ്വസിക്കാവുന്ന ജനപ്രതിനിധി എന്ന നിലയിൽ എന്നും നിങ്ങളോടൊപ്പമുണ്ടാകുമെന്നാണ് പൊട്ടങ്കണ്ടിയുടെ വാഗ്ദാനം. കരിയാട് മേഖലയിലെ മേക്കുന്ന് , മോന്താൽ , പള്ളിക്കുനി, പുതുശ്ശേരി മുക്ക് , പുളിയ നമ്പ്രം തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം പ്രവർത്തകർക്കൊപ്പം എത്തി.
എൻ .ഡി .എ സ്ഥാനാർത്ഥി സി.സദാനന്ദൻ ഇന്നലെ രാവിലെ 9.30 ഓടെ പാലത്തായിലെ മുതിർന്ന ബി.ജെ.പി പ്രവർത്തകനായ കെ. ബിജുവിന്റെ വീട്ടിൽ നിന്നായിരുന്നു പ്രചാരണം തുടങ്ങിയത്. തുടർന്ന് മണ്ഡലം ഭാരവാഹികൾക്കൊപ്പം ഒരു മരണവീട്ടിൽ സന്ദർശനം. മാക്കൂൽപ്പീടികയിലെ കെ.ടി ജയകൃഷ്ണൻ മാസ്റ്റരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് പിന്നാലെ പത്തായക്കുന്നിലെ ബലിദാനി വി.എ. ഗംഗാധരന്റെ വീടും സന്ദർശിച്ചു. തൊട്ടടുത്ത വാഗ്‌ഭടാനന്ദ ഗുരുദേവവിലാസം വായനശാലയും ടൗണും സന്ദർശിച്ച ശേഷം സമീപത്ത് വോട്ടഭ്യർത്ഥിച്ചു.