കാഞ്ഞങ്ങാട്: ആറു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ വെള്ളരിക്കുണ്ട് കല്ലൻ ചിറയിലെ മുതു പുരയിടത്തിൽ മോളി ആന്റണി സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരിയായി. വെള്ളരിക്കുണ്ട് മാവേലി സ്റ്റോറിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന മോളി ആന്റണി എന്ന നിർദ്ധന വീട്ടമ്മയ്ക്ക് തുണയായത് ലേബർ കോടതിയാണ്. മോളി ആന്റണിയെ യാതൊരു വിധ കാരണങ്ങളും ഇല്ലാതെ 2014 ഏപ്രിൽ 9 ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
പിരിച്ചുവിടൽ ചോദ്യം ചെയ്ത് അവർ ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകി. പിന്നീട് മോളിയുടെ പരാതി കണ്ണൂർ ലേബർ കോടതിക്ക് കൈമാറി. മോളിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയ കോടതി മോളിക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയിരുന്നു. സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷനാണ് മോളിയെ നിയമ പോരാട്ടത്തിന് സഹായിച്ചത്. ആറുവർഷം മുൻപ് കരഞ്ഞു കൊണ്ട് വെള്ളരിക്കുണ്ട് സപ്ലൈകോ വിട്ടിറങ്ങേണ്ടി വന്ന മോളി ആന്റണിയെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എ.ഐ.ടി.യു.സി. പ്രവർത്തകർ ബുധനാഴ്ച രാവിലെ പ്രകടനമായിട്ടാണ് ജോലിയിൽ തിരികെ പ്രവേശിക്കുവാൻ ആനയിച്ചു കൊണ്ടുവന്നത്. നേതാക്കളായ രമേശൻ കാര്യങ്കോട്, വി.കെ. ചന്ദ്രൻ, കെ.യു. ജോയ്, ടി.കെ. പ്രതീഷ്, ജിതിൻ കള്ളാർ, ശിഹാബുദ്ധീൻ, എസ്. രവിശങ്കർ, എന്നിവർ മോളി ആന്റണിക്കൊപ്പം ബുധനാഴ്ച രാവിലെ വെള്ളരിക്കുണ്ട് മാവേലി സ്റ്റോറിൽ എത്തിയിരുന്നു.