നീലേശ്വരം:കാസർകോട് ജില്ലയിലെ തൊഴിലാളികൾക്കിടയിൽ ആമുഖം വേണ്ടാത്ത നേതാവാണ് ഇന്നലെ അന്തരിച്ച കെ.ബാലകൃഷ്ണൻ. ദരിദ്രകുടുംബത്തിൽ ജനിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പന്ത്രണ്ടാം വയസ്സിൽ ഗണേഷ് ബീഡി തെറുത്ത് തുടങ്ങിയ അദ്ദേഹം ജില്ലയിൽ തൊഴിലാളികളുടെ അവകാശപോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി പിന്നീട് മാറുകയായിരുന്നു.
സുധാബീഡി കമ്പനിയിലെ ചൂഷണത്തെ തടുക്കാൻ യു.വി.കുഞ്ഞിരാമൻ, പൊള്ളയിൽ അമ്പാടി എന്നിവരുടെ സഹകരണത്തോടെ സൊസൈറ്റി രുപീകരിച്ചായിരുന്നു സംഘാടകനെന്ന നിലയിലെ ആദ്യചുവടുവെപ്പ്. ഇവിടെ നിന്നാണ് ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയൻ രംഗത്തേക്ക് വന്നത്. 1968ൽ ദിനേശ് ബീഡിയിൽ ജോലിയിൽ ചേർന്നു.മറ്റ് തൊഴിലാളികൾക്ക് പത്രം വായിച്ചുകൊടുക്കുകയായിരുന്നു ജോലി. ഈ വായനാനുഭവം നല്ലൊരു പ്രാസംഗികനാക്കി അദ്ദേഹത്തെ മാറ്റി. പിന്നീട് ട്രേഡ് യൂണിയൻ രംഗത്ത് സജീവമായതോടെ ബീഡി, കെട്ടിട നിർമ്മാണമേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.
കെ.എസ് വൈ എഫിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ 1965 ലാണ് സി.പി.എം അംഗത്വം ലഭിച്ചത്. ജില്ലാകമ്മിറ്റിയംഗമായി വർഷങ്ങളോളം പ്രവർത്തിച്ചു. ഈ ഘട്ടത്തിൽ തൊഴിൽ തർക്കം പറഞ്ഞുതീർക്കുന്നതിൽ ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമായിരുന്നു കെ.ബാലകൃഷ്ണൻ .
അടിയന്തിരാവസ്ഥക്കാലത്തെ പള്ളിക്കര തോക്ക് കേസിൽ അദ്ദേഹം പ്രതിയായിരുന്നു.1969ൽ ദിനേശ് ബീഡി ഡയറക്ടർ ബോർഡംഗമായും 2020ൽ ജില്ലാ ബോർഡംഗമായും ബീഡി ആൻഡ് സിഗാർ ചെയർമാനായും പ്രവർത്തിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് പൊതുമരാമത്ത് സ്റ്രാൻഡിംഗ് കമ്മറ്റി ചെയർമാനായും നീലേശ്വരം ഗ്രാമ പഞ്ചായത്തംഗമായും പ്രവർത്തിച്ചിരുന്നു ഇദ്ദേഹം.