rookesh
മരിച്ച നിലയിൽ കണ്ടെത്തിയ രൂകേഷ്,​മക്കളായ വൈദേഹി,​ശിവനന്ദ്

​ചെറുവത്തൂർ(കാസർകോട്)​: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ചെറുവത്തൂർ മടിവയിലെ ഓട്ടോ തൊഴിലാളിയായിരുന്ന രൂകേഷിനെ (39) തൂങ്ങിമരിച്ച നിലയിലും മക്കളായ വൈദേഹി (11), ശിവനന്ദ് (6) എന്നിവരെ വീട്ടിനകത്ത് കൂട്ടിയിരുന്ന പൂഴിയിൽ മരിച്ച നിലയിലുമാണ് കണ്ടത്. മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രൂകേഷ് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണം സംബന്ധിച്ച് കൂടുതൽ വ്യക്തതയുണ്ടാകൂവെന്ന് പൊലീസ് പറഞ്ഞു.

ഭാര്യ കാഞ്ഞങ്ങാട് സ്വദേശിനി സവിതയുമായി അകന്നുകഴിയുകയായിരുന്ന രൂകേഷ് ഒരു മകളുടെ ജന്മദിനം ആഘോഷിക്കാനായി മക്കളെ അവിടെനിന്ന് മടിവയിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. വൈദേഹിയുടെ ജന്മദിനമായിരുന്നു ചൊവ്വാഴ്ച. മടിക്കുന്നിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്കു കുട്ടികളുമായി പോയ ഇയാളെ കാണാത്തതിനെ തുടർന്ന് സഹോദരൻ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനകത്ത് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മദ്യലഹരിയിൽ രൂകേഷ് കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്ന് കരുതുന്നതായും ചന്തേര പൊലീസ് പറഞ്ഞു.

പിലിക്കോട് ജി.യു.പി സ്കൂളിലെ നാലാം ക്ലാസ്‌ വിദ്യാർത്ഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസ്‌ വിദ്യാർത്ഥിയും. ജില്ലാ പൊലീസ് മേധാവി വി.ബി.രാജീവ്, ഡിവൈ.എസ്.പി.സജീവ് വാഴവളപ്പിൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പുരുഷോത്തമനാണ് രൂകേഷിന്റെ പിതാവ്. മാതാവ്:നാരായണി. ശ്രീജ,​ഷിബു,നിഷ,​ഷിജു,​ഷീജ,​ ഉമേഷ് എന്നിവർ സഹോദരങ്ങളാണ്. ​