തളിപ്പറമ്പ്: നഗരത്തിലെ ജുവലറിയിൽ കവർച്ച. 75,000 രൂപയുടെ വെള്ളിയാഭരണങ്ങൾ മോഷണം പോയി. ബസ് സ്റ്റാൻഡിന് സമീപത്തെ സിറ്റി ഗോൾഡ് എന്ന ജുവലറി ഷോപ്പിലാണ് കവർച്ച നടന്നത്. പഴയ സ്വർണം, വെള്ളി ആഭരണങ്ങൾ വാങ്ങുന്ന ഇവിടെ വെള്ളിയാഭരണങ്ങളുടെ വില്‍പനയുമുണ്ട്. ജുവലറിയുടമ കെ.എം. അഗസ്റ്റിൻ രാവിലെ ഷോപ്പ് തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപെട്ടത്. ജുവലറിയുടെ ഷട്ടറിന്റെ ഒരു ഭാഗം തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. തളിപ്പറമ്പ് എസ്.ഐ പി.എം സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.