കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ മണ്ഡലങ്ങളിലെ സ്‌ട്രോംഗ് റൂമുകളിൽ എത്തിച്ചു. നാടുകാണിയിലെ കിൻഫ്ര ഗോഡൗണിൽ നിന്നാണ് 11 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകൾ വിതരണം ചെയ്തത്. 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ആദ്യ റാൻഡമൈസേഷൻ നടന്നത്. ആകെ 3137 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതിൽ 4210 വിവി പാറ്റ് മെഷീനുകളും 3830 കൺട്രോൾ, ബാലറ്റ് യൂണിറ്റുകളും ആണ് വിതരണം ചെയ്തത്.

ഓരോ ബൂത്തിലെയും മെഷീനുകളുടെ 34 ശതമാനം വിവി പാറ്റുകളും 22 ശതമാനം കൺട്രോൾ, ബാലറ്റ് യൂണിറ്റുകളുമാണ് റിസർവായി സൂക്ഷിക്കുക. 11 മണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകൾ അതാത് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയോടെയാണ് സ്‌ട്രോംഗ് റൂമുകളിൽ എത്തിച്ചത്. ഈ കേന്ദ്രങ്ങളിൽ വച്ചാണ് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടക്കുക.

നിരീക്ഷകൻ 'ആപ്പ്"

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വഹിച്ചുള്ള വാഹനത്തിന്റെ യാത്ര നിരീക്ഷിക്കുന്നതിന് എലിട്രെയ്സസ് എന്ന പേരിൽ പ്രത്യേക മൊബൈൽ ആപ്പും തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരുന്നു. വോട്ടിംഗ് മെഷീനുകളെ അനുഗമിക്കുന്ന സെക്ടറർ ഓഫീസർമാരുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ് വഴി വാഹനത്തിന്റെ ലൊക്കേഷൻ നിരീക്ഷിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത.


ഓരോ മണ്ഡലത്തിലെയും സ്‌ട്രോംഗ് റൂമുകൾ
പയ്യന്നൂർ: എ.കെ.എസ്.ജി.വി.എച്ച്.എസ്.എസ്, പയ്യന്നൂർ. കല്യാശേരി: മാടായി ഗവ. ഐ.ടി.ഐ മാടായി. തളിപ്പറമ്പ്: സർസയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ തളിപ്പറമ്പ്. ഇരിക്കൂർ: ടാഗോർ വിദ്യാനികേതൻ, തളിപ്പറമ്പ്. അഴീക്കോട്: കൃഷ്ണമേനോൻ വനിതാ കോളേജ്, പള്ളിക്കുന്ന്. ധർമടം: എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, തോട്ടട. തലശ്ശേരി: ബ്രണ്ണൻ കോളേജ്, തലശ്ശേരി. കൂത്തുപറമ്പ്: നിർമലഗിരി കോളേജ്, കൂത്തുപറമ്പ്. മട്ടന്നൂർ: ഗവ ഹയർ സെക്കൻഡറി സ്‌കൂൾ, മട്ടന്നൂർ. പേരാവൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിട്ടി. കണ്ണൂർ: മുനിസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂൾ, കണ്ണൂർ.