shaji
അഴീക്കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം ഷാജി വരണാധികാരി മിനിമോൾ പി.ജി.ക്ക് മുമ്പാകെ പത്രിക സമർപ്പിക്കുന്നു

കണ്ണൂർ/കാസർകോട് :നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കണ്ണൂർ ജില്ലയിൽ അഞ്ചും കാസർകോട്ട് നാലും പത്രികകളാണ് ഇന്നലെ സമർപ്പിച്ചത്. . മട്ടന്നൂർ, ധർമ്മടം, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളിൽ ഒന്ന് വീതവും, അഴീക്കോട് മണ്ഡലങ്ങളിൽ രണ്ട് പത്രികകളുമാണ് കണ്ണൂരിൽ ഇന്നലെ സമർപ്പിക്കപ്പെട്ടത്.കാസർകോട് ജില്ലയിൽ കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ ഓരോ സ്ഥാനാർഥികളും പത്രിക സമർപ്പിച്ചു.

കൂത്തുപറമ്പ് നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.മോഹനൻ,​അഴീക്കോട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം.ഷാജി എന്നിവരാണ് കണ്ണൂരിൽ ഇന്നലെ പത്രിക നൽകിയവരിൽ പ്രമുഖർ.അഴീക്കോട് നിയോജകമണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി കെ.കെ.അബ്ദുൾജബ്ബാറും ഇന്നലെ പത്രിക നൽകി. എൽ.ഡി.എഫ് ഡമ്മി സ്ഥാനാർത്ഥികളായി മട്ടന്നൂരിൽ എൻ .വി. ചന്ദ്രബാബുവും ധർമ്മടത്ത് എൻ. ചന്ദ്രനുമാണ് പത്രിക നൽകിയ മറ്റുള്ളവർ. ഇതുവരെ 24 പത്രികകളാണ് കണ്ണൂർ ജില്ലയിൽ ഇതുവരെ ലഭിച്ചത്.

കാസർകോട് നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗിലെ എൻ.എ നെല്ലിക്കുന്ന് (67) വരണാധികാരി ആർ.ഡി.ഒ പി. ഷാജു മുമ്പാകെയും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ബി.ജെ.പിയിലെ എം. ബൽരാജ് (53), സി.പി.ഐ ഡമ്മി സ്ഥാനാർത്ഥിയായി ഗോവിന്ദൻ പള്ളിക്കാപ്പിൽ (55) എന്നിവർ വരണാധികാരി സബ് കളക്ടർ ഡി.ആർ. മേഘശ്രീ മുമ്പാകെയും തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ബി.ജെ.പിയിലെ ടി.വി. ഷിബിൻ (35) സഹവരണാധികാരി നീലേശ്വരം ബി.ഡി.ഒ എസ്. രാജലക്ഷ്മി മുമ്പാകെയും പത്രിക നൽകി.
19 വൈകീട്ട് മൂന്ന് മണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം.