ഇരിട്ടി: മുഴക്കുന്ന് മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന ബി.ജെ.പി പ്രചാരണ വാഹനത്തിനു നേരെ അക്രമം. വാഹനം മുടക്കോഴി സ്‌കൂളിന് സമീപം എത്തിയപ്പോൾ എട്ടോളം പേർ അടങ്ങുന്ന സംഘം വാഹനം തടഞ്ഞു നിർത്തുകയും ബലമായി മൈക്ക് സെറ്റ് ഓഫ് ചെയ്യുകയും വാഹനത്തിൽ കെട്ടിയ പ്രചാരണ ബോർഡുകൾ വലിച്ചു കീറുകയും ചെയ്തു. ഡ്രൈവറെയും, ബി.ജെ.പി പ്രവർത്തകനെയും ഭീഷണിപ്പെടുത്തി.
സി.പി.എം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. ഈ ഭാഗത്തു പ്രചാരണവുമായി വന്നാൽ വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരം 4.30 തോടെ ആയിരുന്നു അക്രമം. വ്യാഴാഴ്ച നടക്കുന്ന പേരാവൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രചാരണവുമായി എത്തിയതായിരുന്നു വാഹനം. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, നേതാക്കളായ വി.വി. ചന്ദ്രൻ, മനോഹരൻ വയോറ എന്നിവർ സ്ഥലം സന്ദർശിക്കുകയും മുഴക്കുന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നവരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തങ്ങളുടെ മേഖലകളിൽ ആധിപത്യം നിലനിർത്താമെന്നത് സി.പി.എമ്മിന്റെ വ്യാമോഹമാണെന്ന് മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് പറഞ്ഞു.