ks-

കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ വ്യക്തമാക്കിയതിനു പിന്നാലെ ഡി.സി.സി സെക്രട്ടറി കെ.രഘുനാഥ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പത്രിക നൽകി. ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം എത്തുമുമ്പാണ് പത്രിക നൽകിയത്. കെ.പി.സി.സിയും ഹൈക്കമാൻഡും മത്സരിക്കാൻ ആവശ്യപ്പെട്ടെന്നും തനിക്ക് കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ സജീവമാകേണ്ടതുള്ളതിനാൽ പറ്റില്ലെന്ന് അറിയിച്ചെന്നും സുധാകരൻ പറഞ്ഞു.

ജില്ലയിലെ കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയപ്പോൾ ഇക്കാര്യത്തിൽ വിമുഖതയുണ്ടെന്ന് അറിയിച്ചു. ധർമ്മടത്ത് രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് അവരുടെ ആവശ്യമെന്നും സുധാകരൻ പറഞ്ഞു. നേരത്തേ സ്ഥാനാർത്ഥി നിർണയസമിതിക്ക് മുന്നിലും രഘുനാഥിന്റെ പേരിനായിരുന്നു മുൻതൂക്കം.

സി.രഘുനാഥ് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ്‌ സർവകലാശാലാ സെനറ്റ് മെമ്പർ, സംസ്ഥാന ജനറൽ സെക്രട്ടറി. കെ.പി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.