naseer
സി.ഒ.ടി. നസീർ

കണ്ണൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചതിനു പിന്നാലെ ആക്രമണത്തിൽ പരിക്കേറ്റ സി.ഒ.ടി. നസീർ നിയമസഭ തിരഞ്ഞെടുപ്പിലും ഇറങ്ങുന്നു. തലശ്ശേരി മണ്ഡലത്തിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി നസീർ ഇന്നലെ പത്രിക നൽകി.

തന്നെ ആക്രമിക്കാൻ കൂട്ടുനിന്ന സി.പി.എം നേതാവിനെ കേസിൽ നിന്നും ഒഴിവാക്കി പൊലീസ് കേസ് അട്ടിമറിച്ചുവെന്ന് സി.ഒ.ടി നസീർ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കേസിന്റെ കുറ്റപത്രം സമർപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. കേസ് അട്ടിമറിക്കുന്നതിനെതിരെ പല തവണ മുഖ്യമന്ത്രിയെ കണ്ട് താൻ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. ഇവിടെ പണമുള്ളവന് മാത്രമേ നീതി കിട്ടുകയുള്ളുവെന്ന സ്ഥിതിയാണ്. അതുകൊണ്ടാണ് താൻ സി.ബി.ഐ അന്വേഷണത്തിന് പോവാത്തത്. ഇതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകും.

കഴിഞ്ഞ അറുപതിലേറെ വർഷങ്ങളായി ഒരേ പാർട്ടി തന്നെ ജയിച്ച മണ്ഡലമാണ് തലശ്ശേരി. ഇ.കെ നായനാർ മുഖ്യമന്ത്രിയായതും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായതും തലശ്ശേരിയിൽ നിന്നും ജയിച്ചാണ്. എന്നിട്ടും കടുത്ത വികസന മുരടിപ്പാണ് തലശ്ശേരിയിലുള്ളത്. തൊണ്ണൂറ് ശതമാനം പേരും മാംസാഹാരം കഴിക്കുന്ന നഗരത്തിൽ ആധുനിക അറവുശാല പോലുമില്ല. ഇപ്പോഴും പ്രാകൃതമായ രീതിയിലാണ് ഇവിടെ കശാപ്പ്. ആയിരത്തിലേറെ കോടിയുടെ വികസനം തലശ്ശേരിയിൽ എം.എൽ.എ കൊണ്ടു വന്നുവെന്നാണ് പറയുന്നത്. തലശ്ശേരി സ്‌റ്റേഡിയം നിർമ്മാണത്തിന്റെ ഭാഗമായി വൻ അഴിമതിയാണ് നടന്നത്. വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സംസ്ഥാന സെക്രട്ടറി യു.എസ്. ആഷിനും സംബന്ധിച്ചു.