
കണ്ണൂർ: ''മുഖ്യമന്ത്രി പിണറായി വിജയനെയോ സി.പി.എമ്മിനെയോ ഭയമില്ല. മക്കളുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് മത്സരം"- വാളയാർ പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നതിന് പത്രിക സമർപ്പിച്ചശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്തുകൊണ്ട് വാക്ക് പാലിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി ചോദിക്കാനുള്ള അവസരമായി സ്ഥാനാർത്ഥിത്വത്തെ കാണുന്നു. ഇതിന്റെ പേരിലുള്ള ഭവിഷ്യത്തുകൾ താൻ ഇതുവരെ അനുഭവിച്ചതിന്റെ അത്രത്തോളം വരില്ല. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നതിന്റെ പേരിൽ ഇതുവരെ ഭീഷണി ഉണ്ടായിട്ടില്ല. എന്നാൽ,ഇനി ഭീഷണിപ്പെടുത്തി ഓടിക്കാൻ വരില്ലെന്ന് പറയാനാകില്ലെന്നും അവർ പറഞ്ഞു.
ധർമടത്ത് പിന്തുണ നൽകുന്ന കാര്യം ആലോചിക്കുമെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന സംബന്ധിച്ച് കാര്യങ്ങൾ അറിയില്ല. അതെല്ലാം സമരസമിതിയുമായി ആലോചിക്കേണ്ടതാണ്.
കേസ് അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വാക്ക് നൽകിയിരുന്നു. എന്നാൽ പിന്നീട് കേൾക്കുന്നത് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ അവർക്ക് സ്ഥാനക്കയറ്റം നൽകിയെന്നാണ്. മൂത്ത കുട്ടിയുടെ കേസന്വേഷണം മാത്രമാണ് സി.ബി.ഐക്ക് വിട്ടത്. ഇളയകുട്ടിയുടെ ദുരൂഹ മരണം സി.ബി.ഐക്ക് വിടാത്തത് ചതിയാണെന്നും അവർ പറഞ്ഞു.
സമര സമിതിയിൽ ഭിന്നത
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെ ചൊല്ലി സമര സമിതിയിൽ ഭിന്നത. മത്സരത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സമിതി ജോയിന്റ് കൺവീനർ എം.ബാലമുരളി രംഗത്തെത്തി. യു.ഡി.എഫ് വാളയാറിലെ അമ്മയെ വിലയ്ക്കെടുത്തെന്നും സമര സമിതിയിലെ ഒരു വിഭാഗത്തിന് കോൺഗ്രസുമായി അവിശുദ്ധ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സമിതി ഭാരവാഹികൾ പെൺകുട്ടികളുടെ അമ്മയെ സമ്മർദ്ദം ചെലുത്തി മത്സരിപ്പിക്കുകയാണ്. ഇതോടെ സമിതിയുടെ പ്രസക്തി നഷ്ടമായി. ജാഥ ആരംഭിക്കും മുമ്പ് മലമ്പുഴയിൽ മത്സരിപ്പിക്കാൻ ആലോചിച്ചെങ്കിലും വേണ്ടെന്ന നിലപാടാണ് എല്ലാവരുമെടുത്തത്. നിലവിലെ തീരുമാനത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'പ്രസ്താവന സി.പി.എം ചാരന്റേത്"
ബാലമുരളി സി.പി.എം ചാരനാണെന്നും സമര സമിതിയുടെ പേരിൽ പ്രസ്താവന നടത്തുന്നത് അപഹാസ്യമാണെന്നും സമിതി ഭാരവാഹികൾ പറഞ്ഞു. സമരത്തിൽ പങ്കെടുക്കാതെ ഒളിച്ചുകളിച്ച് സമരത്തെ തകർക്കാൻ സി.പി.എമ്മിന്റെ ചട്ടുകമായി നിൽക്കുന്ന അദ്ദേഹത്തിന് സമിതിയുടെ ഒരു ഭാരവാഹിത്വവുമില്ലെന്നും അവർ അറിയിച്ചു.