
കാസർകോട്: മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ വിജയിപ്പിക്കാൻ ഇത്തവണ അമിത്ഷായുടെ 'ശക്തികേന്ദ്ര' പരീക്ഷിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പിടിക്കാൻ അമിത് ഷാ പാർട്ടി പ്രസിഡന്റായിരുന്നപ്പോൾ നടപ്പിലാക്കിയ പരീക്ഷണമാണ് ഈ 'അടവുനയം'.
ഇത്തവണ മഞ്ചേശ്വരം പിടിച്ചില്ലെങ്കിൽ ഇനി ഒരിക്കലുമില്ലെന്ന പ്രതിജ്ഞയാണ് 'ശക്തികേന്ദ്ര' യുടെ ശക്തി. ശക്തികേന്ദ്രയിൽ പ്രവർത്തിക്കുന്നതിന് 46 പേരെയാണ് ബി.ജെ.പി നേതൃത്വം പ്രത്യേകമായി റിക്രൂട്ട് ചെയ്തത്. മണ്ഡലത്തിലെ അഞ്ചു ബൂത്തുകൾക്ക് ഒരാളെന്ന നിലയിൽ ചുമതല നൽകും. ഇവർ ഒരു ബൂത്തിന് ഒരാളെന്ന നിലയിൽ പഞ്ചായത്തുകളിൽ ചുമതല ഏൽപ്പിക്കും. ബൂത്തുകളിലെ മൊത്തം വോട്ടർമാരുടെ എണ്ണം, അതിൽ ബി.ജെ.പി വോട്ടർമാർ എത്ര, മറ്റു പാർട്ടികളുടെ വോട്ടർമാർ എത്ര, വോട്ട് ചെയ്യുന്നവർ, നാട്ടിലില്ലാത്ത വോട്ടർമാരുടെ എണ്ണം തുടങ്ങിയ കണക്കുകൾ ആദ്യം ശേഖരിച്ച് മണ്ഡലം ചുമതലക്കാർക്ക് നൽകും.
ബൂത്തുകളിലെ എൻ.ഡി.എ അനുകൂല വോട്ടർമാരുടെയും കുടുംബത്തിന്റെയും വോട്ട് കൃത്യമായി ചെയ്യിപ്പിക്കുന്നത് വരെയുള്ള ഉത്തരവാദിത്വമാണ് ശക്തികേന്ദ്രയിലെ അംഗങ്ങൾ നിർവഹിക്കേണ്ടത്.
175 ബൂത്തുകളാണ് മഞ്ചേശ്വരത്തുള്ളത്. ശക്തികേന്ദ്രയിലെ ചില അംഗങ്ങൾക്ക് പ്രവർത്തന സൗകര്യം നോക്കി രണ്ടും മൂന്നും ബൂത്തുകളുടെ ചുമതല നൽകിയിട്ടുണ്ട്. മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും കൂടിയാലോചിച്ചാണ് ശക്തികേന്ദ്രയിലേക്ക് കഴിവുള്ള പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നത്. ഇവർ പാർട്ടിയുടെയും സംഘപരിവാറിന്റെയും വിശ്വസ്തരായിരിക്കും. കെ സുരേന്ദ്രൻ രണ്ടുതവണ 'ശക്തികേന്ദ്ര'യിലെ അംഗങ്ങളുടെ യോഗം വിളിച്ചു..2016 ൽ വെറും 89 വോട്ടിന്റെ വിത്യാസത്തിൽ സുരേന്ദ്രന് കൈവിട്ടുപോയ മണ്ഡലമാണ് കന്നഡ ഭാഷാന്യൂനപക്ഷത്തിന് നിർണായക സ്വാധീനമുള്ള മഞ്ചേശ്വരം. ഏഴ് ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ഏക നിയമസഭാ മണ്ഡലമാണെന്ന പ്രത്യേകതയുമുണ്ട്.