കാസർകോട്: ഉദുമ മണ്ഡലത്തിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും സജീവമായി ഇറങ്ങിയതോടെ പ്രചാരണത്തിന് ചൂടുപിടിച്ചു. എൽ .ഡി. എഫ് സ്ഥാനാർത്ഥി അഡ്വ. സിഎച്ച് കുഞ്ഞമ്പുവും യു.ഡി.എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയും എൻ.ഡി .എ സ്ഥാനാർത്ഥി എ. വേലായുധനും പ്രചാരണത്തിരക്കിലായിരുന്നു ഇന്നലെ.
സി.എച്ച് കുഞ്ഞമ്പു മുളിയാർ, കോട്ടൂർ, പാണൂർ, കാനത്തൂർ, കാനത്തൂർ ടൗൺ എന്നിടങ്ങളിലെ വോട്ടർമാരെ കണ്ടു. കാനത്തൂർ നാൽവർ ദേവസ്ഥാനം, വടക്കേക്കര കോളനി, ഇരിയണ്ണി ടൗൺ, മല്ലം എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചു. ഇരിയണ്ണി പേരടുക്കത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.നാരായണൻ, കാനത്തൂരിലെ വി. രാഘവൻ എന്നിവരെയും കണ്ട ശേഷം ബോവിക്കാനം ടൗണിൽ വോട്ടർമാരെ കണ്ട ശേഷമാണ് ഇന്നലെ പര്യടനം അവസാനിപ്പിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ. കുഞ്ഞിരാമൻ, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി, ബി.കെ. നാരായണൻ, പി. ബാലകൃഷ്ണൻ, ബി.എം. പ്രദീപ്, വൈ. ജനാർദനൻ, വി. ഭവാനി, ഇ. കമലാക്ഷൻ എന്നിവർ ഒപ്പമുണ്ടായി.
യു.ഡി.എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ ഇന്നലെ കുമ്പോൽ സെയ്ത് ഉമർ കുഞ്ഞിക്കോയ തങ്ങളെ സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചാണ് തുടങ്ങിയത്. ബാലകൃഷ്ണന് കെട്ടിവയ്ക്കാനുള്ള തുകയും തങ്ങൾ നൽകി. മുളിയാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ ഉദ്ഘാടനം ചെയ്തു. ബി.എം അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ നേതാക്കൾ കൺവെൻഷനിൽ പങ്കെടുത്തു.
എൻ.ഡി.എ സ്ഥാനാർത്ഥി വേലായുധൻ കൊടവലത്തിന് ഇന്നലെ കുറ്റിക്കോൽ പഞ്ചായത്ത് പ്രവർത്തക കൺവെൻഷനായിരുന്നു പ്രധാനപരിപാടി. ഇടത് - വലത് മുന്നണികളെ തള്ളിക്കളയണമെന്നും വിശ്വാസ സംരക്ഷണത്തിനും വികസനത്തിനുമായി എൻ.ഡി.എയെ ജയിപ്പിക്കണമെന്നും വേലായുധൻ അഭ്യർത്ഥിച്ചു. ജില്ലാ സെക്രട്ടറി മനുലാൽ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ പടുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഇതിനുശേഷം ബന്തടുക്ക മേഖലയിലും സ്ഥാനാർത്ഥി വോട്ട് തേടി ഇറങ്ങി.