തലശ്ശേരി: പ്രമേഹ ബാധിതനായ ബാങ്ക് ജീവനക്കാരൻ മരിച്ച സംഭവത്തിൽ ചികിത്സകയ്ക്കെതിരെ പൊലീസ് കേസെടുത്തു. സഹകരണ ബാങ്കിലെ അപ്രൈസറായ 52 കാരൻ ബാലകൃഷ്ണൻ കഴിഞ്ഞ സെപ്തംബർ 24നാണ് കോഴിക്കോട്ടെ നാഷണൽ ആശുപത്രിയിൽ മരണപ്പെട്ടത്. സംഭവം സംബന്ധിച്ച് ഇയാളുടെ ഭാര്യ കണ്ണൂർ വളപട്ടണത്തെ കക്കറയിൽ നിഷയുടെ പരാതിയിൽ പെരിങ്ങമല ഡിസന്റ്മുക്ക് ജംഗ്ഷന് സമീപം ഹിസാനാ മൻസിലിൽ വൈദ്യ ഫിയാ റാവുത്തർ എന്ന സോഫി മോൾക്കെതിരെ (43)യാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. ഇവർ വ്യാജ ഡോക്ടറാണെന്ന് ആരോപിച്ച് നേരത്തെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

പ്രമേഹരോഗം ഭേദമാക്കാനാണ് ബാലകൃഷ്ണൻ ,2020 ഏപ്രിൽ മുതൽ സോഫി മോളുടെ തലശ്ശേരി ജില്ലാ കോടതിക്ക് സമീപത്തെ വാടക വീട്ടിൽ ചികിത്സയ്ക്ക് എത്തിയിരുന്നത്. ഇവർ നൽകിയ മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ പ്രമേഹം മൂർഛിച്ചു. കാൽവിരലുകൾ പഴുത്തു. വ്രണം കൂടിയതോടെ വിരൽ മുറിച്ചു മാറ്റേണ്ടി വരികയും ഒടുവിൽ മരണത്തിനു കീഴടങ്ങുകയുമായിരുന്നു. സോഫി മോളുടെ തെറ്റായ ചികിത്സയെ തുടർന്നാണ് ഭർത്താവ് മരണപ്പെട്ടതെന്ന് നിഷ പരാതയിൽ പറയുന്നു.

ഒ.വി റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്ന സോഫി മോളുടെ ചികിത്സയിൽ സംശയം തോന്നിയ ആശുപത്രി മാനേജരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി ഇവരെ നെടുമങ്ങാട്ടുവച്ചാണ് അറസ്റ്റുചെയ്തത്. ഇപ്പോൾ ജയിലിലുള്ള വ്യാജ ഡോക്ടറെ തലശ്ശേരി പൊലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.