കാസർകോട്: പ്രായം 106 പിന്നിട്ടെങ്കിലും പുലിയങ്കുളം നെല്ലിയറ കോളനിയിലെ ചാണമുപ്പനെ ഈ പ്രായാധിക്യമൊന്നും തളർത്തുന്നില്ല. തിരഞ്ഞെടുപ്പുകളും വോട്ടും ഇന്നും ആവേശമാണ് ഈ മൂപ്പന്. വാഹനങ്ങളും യാത്രാ സൗകര്യങ്ങളുമില്ലാതിരുന്ന കാലത്തും അതിരാവിലെ വോട്ട് ചെയ്യാനായി രണ്ടുദിവസം മുന്നേ നടന്നു പോയ കഥകളും ചാണമൂപ്പൻ ഈ പ്രായത്തിൽ അയവിറക്കുന്നു.
ഏപ്രിൽ ആറ് എന്നൊരു ദിവസം ഉണ്ടെങ്കിൽ വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണ് ഇദ്ദേഹം. ഒപ്പം വോട്ട് ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് പുലിയംകുളം നെല്ലിയറ കോളനിയിലെ നിവാസികളും.
കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ പുലിയംകുളം നെല്ലിയറ കോളനിയിലെ മൂപ്പനാണ് ചാണ. കൂലിപ്പണിയും കന്നുകാലികളെ മേയ്ക്കുന്നതുമായിരുന്നു ചാണമൂപ്പന്റെ തൊഴിൽ. പുതുതലമുറകൾക്ക് മുന്നിൽ വോട്ട് ചെയ്യാനുള്ള അനുഭവ സാക്ഷ്യങ്ങളും നല്ല സന്ദേശവുമാണ് വോട്ട് മുത്തച്ഛൻ പകർന്നു നൽകുന്നത്. ഭാര്യ കൊറുമ്പിയും മൂന്നു മക്കളും അടങ്ങിയതാണ് മൂപ്പന്റ കുടുംബം.
മൂപ്പന്റെ പ്രായവും വോട്ട് ചെയ്യാനുള്ള ആവേശവും തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുമായി കോളനിയിൽ എത്തിയ സ്വീപ്പ് പ്രവർത്തകർ ഇദ്ദേഹത്തെ 'വോട്ട് മുത്തച്ഛൻ' എന്ന പേര് നൽകി ആദരിച്ചു. സ്വീപ്പ് ജില്ലാ നോഡൽ ഓഫീസർ കവിതാ റാണി രഞ്ജിത്ത് പൊന്നാട അണിയിച്ചു. തുടർന്ന് കോളനി അംഗങ്ങൾ മംഗലംകളിയും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വോട്ടുചെയ്യൂ, വോട്ട് ചെയ്യിക്കു, എന്റെ വോട്ട് എന്റെ അഭിമാനം, ഭയമില്ലാതെ ഭാവി തീരുമാനിക്കാം തുടങ്ങിയ പ്രതിജ്ഞയും ചൊല്ലി. ഊരുമൂപ്പൻ കെ.സുന്ദരൻ, സ്വീപ്പ് പ്രവർത്തകരായ എം.കെ ധനലക്ഷ്മി, നിഷ നമ്പപൊയിൽ, എ ദീലീഷ്, സുബൈർ, കെ .വിനോദ് കുമാർ. വി. വിദ്യ, ആൻസ്, മോഹൻ ദാസ് വയലാംകുഴി, ക്രിസ്റ്റി, വിപിൻ, രഞ്ജീഷ, സുന എസ് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.