election

കാഞ്ഞങ്ങാട്: പഴയ ഹൊസ്ദുർഗിൽ നിന്ന് തുടങ്ങിയതാണ് ഇന്നത്തെ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിന് സി.പി.ഐയോടുള്ള അടുപ്പം. 77 മുതലുള്ള ആ ജൈത്രയാത്ര ഇടയ്ക്ക് മുറിഞ്ഞത് 1987ൽ നാമമാത്ര വോട്ടിന് മാത്രം. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനെ മൂന്നാംവട്ടം പരീക്ഷിക്കുന്ന ഇടതുമുന്നണിക്ക് ആശങ്കകളൊന്നും മണ്ഡലത്തിലില്ല.എന്നാൽ പി.വി. സുരേഷ് അട്ടിമറിക്കുമെന്ന് തന്നെയാണ് യു.ഡി.എഫിന്റെ വിശ്വാസം. എൻ.ഡി.എയ്ക്ക് വേണ്ടി കാഞ്ഞങ്ങാട്ടെ വ്യാപാര പ്രമുഖനും ബി.ജെ.പി ജില്ലാവൈസ് പ്രസിഡന്റുമായ എം. ബൽരാജ് നായ്കും മത്സരരംഗത്തുണ്ട്

പുനർനിർണയിച്ച 2011 മുതലാണ് ഹൊസ്ദുർഗ് കാഞ്ഞങ്ങാടായത്. അന്നുതൊട്ട് ഇ. ചന്ദ്രശേഖരൻ തന്നെയാണ് ജയിച്ചുവരുന്നത്. അതുവരെ സംവരണ മണ്ഡലമായിരുന്നു ഹൊസ്ദുർഗ്. 2016 ൽ ചന്ദ്രശേഖരന് 80558 വോട്ടാണ് ലഭിച്ചത്. എതിർസ്ഥാനാർത്ഥി യു.ഡി.എഫിലെ ധന്യ സുരേഷിന് 54547 വോട്ടും എൻ.ഡി.എ സഥാനാർത്ഥി ബി.ഡി.ജെ.എസിലെ എ.പി. രാഘവന് 21104 വോട്ടും ലഭിച്ചു. 26,011വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ചന്ദ്രശേഖരന്. 2011 ലെ തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരന്റെ ഭൂരിപക്ഷം 12,178 ആയിരുന്നു.

ഇക്കുറി അനുകൂല സാഹചര്യമാണെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. സുരേഷ് പറയുന്നത്. 87-ലേതിന് സമാനമായ സാഹചര്യമാണ് ഇടതുമുന്നണിയിലുള്ളതെന്നാണ് സുരേഷിന്റെ വാദം.

ബി.ജെ.പിക്ക് 2011 ൽ 15 ശതമാനം വോട്ട് ലഭിച്ചിരുന്നു. എന്നാൽ 2016 ൽ ഇത് 13 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വീണ്ടും ഇടിഞ്ഞു. എന്നാൽ ഇക്കുറി വിജയസാദ്ധ്യത ഉണ്ടെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി എം. ബൽരാജിന്റെ വാദം. കേന്ദ്രസർക്കാരിന്റെ വികസന നയത്തോട് സാധാരണ ജനങ്ങൾക്ക് താൽപര്യമുണ്ടെന്നും അത് വോട്ടായി മാറുമെന്നാണ് ബൽരാജിന്റെ വിശ്വാസം.

കാഞ്ഞങ്ങാട് നഗരസഭ ഉൾപ്പെടെ 8 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് മണ്ഡലത്തിലുള്ളത്. ഇതിൽ ആറും എൽ.ഡി.എഫ് ഭരണത്തിലാണ്. എൽ.ഡി.എഫിന് വലിയ ശക്തിയുള്ള മേഖലകളാണിവ. യു.ഡി.എഫിന് ബളാൽ, കള്ളാർ പഞ്ചായത്തുകളിൽ മാത്രമാണ് ഭരണമുള്ളത്.