കാസർകോട്: കേന്ദ്ര ജലശക്തി മന്ത്രാലയം, ഇസ്രയേൽ എംബസി എന്നിവ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി നൽകുന്ന ഇലെറ്റ്സ് വാട്ടർ ഇന്നവേഷൻ ദേശീയ പുരസ്‌കാരം കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്. വ്യാഴാഴ്ച ഓൺലൈനായി നടന്ന ഇലെറ്റ്സ് ദേശീയ വാട്ടർ ആൻഡ് സാനിറ്റൈസേഷൻ ഉച്ചകോടിയിൽ പുരസ്‌കാരം സമ്മാനിച്ചു. കാസർകോട് ജില്ലയിൽ നടത്തിയ മഴക്കൊയ്ത്ത്, തടയണകൾ ഉൾപ്പെടെ വൈവിദ്ധ്യമാർന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം.
ജില്ലയിൽ മഴവെള്ളക്കൊയ്ത്തിന് വിവിധ മാർഗങ്ങൾ അവലംബിച്ച് ജലക്ഷാമം പരിഹരിക്കാനായി നടത്തിയ പ്രയത്നങ്ങളെ പരിഗണിച്ച് കാസർകോട് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന് അക്വാസ്റ്റാർ വാട്ടർ വാരിയർ പുരസ്‌കാരവും സമ്മാനിക്കും. കളക്ടർക്കൊപ്പം ജില്ലയിലെ കുണ്ടംകുഴി കുഞ്ഞമ്പുവും പുരസ്‌കാരത്തിന് അർഹനായി. ലോക ജലദിനാചരണത്തിന്റെ ഭാഗമായി 20 ന് വൈകീട്ട് ആറിന് പാലക്കാട് ധോനിയിലെ ലീഡ് കോളേജ് ഒഫ് മാനേജ്മെന്റിൽ നടക്കുന്ന ചടങ്ങിൽ മെമന്റോയും പ്രശംസാപത്രവും ഇരുവർക്കും സമ്മാനിക്കും.
ജലസംരക്ഷണ പ്രവർത്തനങ്ങളെ ആധാരമാക്കി ഇവർ ഉൾപ്പെടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ അഞ്ച് പേരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ ചിത്രീകരിച്ച 'റെയിൻ വാട്ടർ ദി ഗ്രെയിറ്റസ്റ്റ് ഗിഫ്റ്റ്' എന്ന വിനോദ് മങ്കരയുടെ ഡോക്യുമെന്ററികൾ ചടങ്ങിൽ പ്രദർശിപ്പിക്കും.