ummen
ഉമ്മൻചാണ്ടി

ഡി.സി.സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നൽകി പ്രശ്നപരിഹാര ഫോർമുല

ആലക്കോട്: ഇരിക്കൂറിൽ ഐ വിഭാഗത്തിന് സീറ്റ് നൽകിയതിനെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന ജില്ലയിലെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാൻ അവസാനവട്ട ചർച്ചയ്ക്കായി ഉമ്മൻ ചാണ്ടി ഇന്ന് കണ്ണൂരിൽ എത്തും. വൈകീട്ട് നാലിന് എത്തുന്ന അദ്ദേഹം കണ്ണൂരിൽ എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തും. എന്നാൽ എന്ത് ഉപാധിവച്ചാണ് ഉമ്മൻ ചാണ്ടി എ ഗ്രൂപ്പ് നേതാക്കളെ തണുപ്പിക്കുകയെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

ഡി.സി.സി പ്രസിഡന്റ് പദവിയും മറ്റു ചില സ്ഥാനങ്ങളും എ ഗ്രൂപ്പിന് നൽകാമെന്നാണ് ഉരുത്തിരിയുന്ന ഫോർമുല. ഇതിന് കെ.സുധാകരന്റെ സമ്മതം തേടിയതായാണ് സൂചന. കഴിഞ്ഞ ദിവസം എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, മുഹമ്മദ് ബ്ലാത്തൂർ തുടങ്ങിയ നേതാക്കളെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യനെ ഒഴിവാക്കി മൂന്നാം ഗ്രൂപ്പിലെ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതാണ് ഇരിക്കൂറിൽ പ്രശ്നങ്ങൾക്കിടയാക്കിയത്. കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പുകളിയിലൂടെയാണ് സജീവ് സ്ഥാനാർത്ഥിയായതെന്നും ഇത് അംഗീകരിക്കില്ലെന്നുമാണ് എ ഗ്രൂപ്പിന്റെ നിലപാട്.

രണ്ടാഴ്ചയായി ഇരിക്കൂറിൽ പ്രശ്നം വഷളായി നിൽക്കുകയാണ്. ശ്രീകണ്ഠപുരത്തെയും ആലക്കോട്ടെയും ബ്ലോക്ക് കോൺഗ്രസ് ഓഫീസുകൾ പൂട്ടിയ എഗ്രൂപ്പ് പ്രവർത്തകർ കരിങ്കൊടി കുത്തുകയും പോസ്റ്റർ പതിക്കുകയും ചെയ്താണ് പ്രതിഷേധം തുടങ്ങിയത്. ഇതിനു ശേഷം ശ്രീകണ്ഠപുരത്ത് പന്തൽ കെട്ടി രാപ്പകൽ സമരവും നടത്തി. ഗ്രൂപ്പ് തിരിഞ്ഞുള്ള ഏറ്റുമുട്ടലും വെല്ലുവിളിയുമെല്ലാം നടന്നിട്ടും കോൺഗ്രസ് നേതൃത്വം സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു എന്നിവരുടെ നേതൃത്വത്തിൽ നൂറോളം എ ഗ്രൂപ്പ് നേതാക്കൾ സ്ഥാനങ്ങൾ രാജിവച്ചതും ഇരിക്കൂറിലെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.