ഇരിട്ടി: അയ്യൻകുന്നിൽ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ച് 5 ക്വിന്റലോളം റബർ ഷീറ്റുകൾ കത്തിനശിച്ചു. കച്ചേരിക്കടവിലെ കപ്പലുമാക്കൽ ഡാർജി കുര്യന്റെ ഉടമസ്ഥതയിലുള്ള പുകപ്പുരയും ഷീറ്റുമാണ് നശിച്ചത്. ഇരിട്ടി അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ബുധനാഴ്ച രാത്രി 8.30 തോടെയായിരുന്നു അപകടം. പുകപ്പുരയ്ക്ക് തീ പിടിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും വിജയം കണ്ടില്ല. തുടർന്ന് ഇരിട്ടി അഗ്നിശമന നിലയത്തിന്റെ സഹായം തേടുകയായിരുന്നു. ഉണക്കി സൂക്ഷിച്ചതും ഉണക്കാനിട്ടതുമായ അഞ്ചു ക്വിന്റലിലധികം ഷീറ്റുകൾ പൂർണ്ണമായും കത്തി നശിച്ചു. ലീഡിംഗ് ഫയർമാൻ ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.