കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രിയെ നേരിടാൻ കരുത്തൻ വരുമെന്ന് രണ്ടാഴ്ചയായി പറഞ്ഞുകൊണ്ടിരുന്ന കോൺഗ്രസ് നേതൃത്വം ഒടുവിൽ കെ.സുധാകരൻ പിന്മാറിയതോടെ സസ്പെൻസിന് വിരാമമിട്ട് തലയൂരി.
കഴിഞ്ഞയാഴ്ച മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമ്പോൾ ഒഴിച്ചിട്ട ഏഴു സീറ്റുകളിൽ ആറിലും പിന്നീട് പ്രഖ്യാപനം വന്നപ്പോഴും ധർമ്മടത്ത് ആരും വന്നില്ല. ഇതിനിടെ നേമത്ത് കെ. മുരളീധരൻ സ്ഥാനാർത്ഥിയായതോടെ കെ.സുധാകരനെ ചുറ്റിപ്പറ്റിയായി ചർച്ച. ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കാമെന്ന് സുധാകരൻ പറഞ്ഞതോടെ പ്രതീക്ഷയിലായി അണികൾ. കഴിഞ്ഞ മൂന്നു ദിവസമായി സുധാകരന്റെ വീട്ടിലും ഓഫീസിലും മാദ്ധ്യമപ്രവർത്തകരും നേതാക്കളും നിറഞ്ഞിരുന്നു. ബുധനാഴ്ചയും താൻ മത്സരിക്കുമെന്ന് സുധാകരൻ സൂചന നൽകി. എന്നാൽ രാത്രി വൈകിയതോടെ ചിത്രം വീണ്ടും മാറി. ഡി.സി.സി സെക്രട്ടറി സി. രഘുനാഥിനെ മത്സരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശം വന്നതോടെ സുധാകരൻ തീരുമാനം തിരുത്തി.
ഇന്നലെ രാവിലെ പത്ത് മണിയോടെ അപ്രതീക്ഷിതമായി സുധാകരൻ വീണ്ടും തീരുമാനം മാറ്റി. ഹൈക്കമാൻഡ് പറഞ്ഞാൽ ഒരു കൈ നോക്കാമെന്നായി. മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഫോണിൽ ബന്ധപ്പെട്ടപ്പോൾ തീരുമാനം അറിയിക്കാൻ ഒരു മണിക്കൂർ സാവകാശം ചോദിച്ചു. മത്സരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ സുധാകരന്റെ ഓഫീസിലെത്തി. പ്രവർത്തകരുടെ വികാരം മാനിക്കുമെന്നും ധർമ്മടത്ത് മത്സരിക്കുമെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ഉച്ചയോടെ കെ.പി.സി.സി ആസ്ഥാനത്ത് നിന്നു വിളിയെത്തിയപ്പോൾ മത്സരത്തിനില്ലെന്ന തീരുമാനം സുധാകരൻ അറിയിച്ചതോടെ മുല്ലപ്പള്ളിയും ചെന്നിത്തലയും ശരിക്കും ഞെട്ടി. പിന്നാലെ മാദ്ധ്യമങ്ങളെ വിളിച്ച് ഒറ്റവാക്കിൽ സുധാകരൻ തീരുമാനം അറിയിക്കുകയായിരുന്നു.
ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോകേണ്ടതിനാൽ മത്സരത്തിനില്ലെന്നാണ് സുധാകരൻ പറയുന്നത്. എന്നാൽ, ധർമ്മടത്ത് വിയർപ്പൊഴുക്കുന്നതിൽ അർത്ഥമില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തലാണ് പിൻവാങ്ങലിനു പിന്നിലെന്നും ശ്രുതിയുണ്ട്.