സി വിജിലിൽ ലഭിച്ചത് 25255 പരാതികൾ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ സി വിജിൽ ( cVIGIL) മൊബൈൽ ആപ്ലിക്കേഷനിൽ ജില്ലയിൽ ഇതുവരെ ലഭിച്ചത് 25,255 പരാതികൾ. അഴീക്കോട് 3,698, ധർമ്മടം 2,051, ഇരിക്കൂർ 1,148, കല്ല്യാശ്ശേരി 3,226, കണ്ണൂർ 3,192, കൂത്തുപറമ്പ് 2,005, മട്ടന്നൂർ 1,864, പയ്യന്നൂർ 1,332, പേരാവൂർ 2,452, തളിപ്പറമ്പ് 1,573, തലശ്ശേരി 2,714 എന്നിങ്ങനെ ചട്ടലംഘനങ്ങളെ കുറിച്ചുള്ള പരാതികളാണ് ആപ്പ് വഴി ഇതുവരെ ലഭിച്ചത്.

ഇവയിൽ 25126 കേസുകളിൽ നടപടി സ്വീകരിച്ചു. തെറ്റായ വിവരങ്ങളാണെന്ന് കണ്ടെത്തിയവ ഒഴിവാക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് ജില്ലയിലെ പൊതുസ്ഥലങ്ങളിലും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും പരിസരങ്ങളിലും കണ്ടെത്തിയ ചുവരെഴുത്ത്, പോസ്റ്ററുകൾ, ബാനറുകൾ, കൊടികൾ ഉൾപ്പെടെയുള്ള പ്രചാരണ സാമഗ്രികളാണ് ഇതിനായി നിയോഗിക്കപ്പെട്ട ആന്റീ ഡിഫെയ്സ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തത്. സി വിജിലിൽ ലഭിച്ചത് കൂടാതെ 2249 ചട്ടലംഘനങ്ങൾ സ്‌ക്വാഡുകൾ നേരിട്ടും കണ്ടെത്തി.

ഇതോടെ ജില്ലയിൽ നിയമവിരുദ്ധമായി സ്ഥാപിച്ച ആകെ 27504 പ്രചാരണ സാമഗ്രികളാണ് ആന്റി ഡീഫെയ്സ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തത്.

വളണ്ടിയർ സേവനം ഉറപ്പാക്കും

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 80 കഴിഞ്ഞവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് വളണ്ടിയർ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പോളിംഗ് ബൂത്തുകളിലേക്കുള്ള വീൽചെയറുകളുടേയും വളണ്ടിയർമാരുടെയും ലഭ്യത യോഗം വിലയിരുത്തി.
എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാരും മുതിർന്നവരുമായ വോട്ടർമാരെ സഹായിക്കാൻ എൻ.എസ്.എസ് ഉൾപ്പെടെയുള്ള വളണ്ടിയർമാരുടെ സേവനവും ആവശ്യമായ ഇടങ്ങളിൽ വീൽച്ചെയർ സൗകര്യവും ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ജില്ലയിൽ ആകെ 28834 ഭിന്നശേഷി വോട്ടർമാരും 80 വയസിന് മുകളിൽ പ്രായമുള്ള 46818 വോട്ടർമാരുമാണുള്ളത്. ഇവരിൽ തപാൽ വോട്ടിനായി നാൽപ്പതിനായിരത്തിലധികം പേർ അപേക്ഷ സമർപ്പിച്ചിരുന്നു.

പ്രചാരണത്തിന് കൂടുതൽ ഗ്രൗണ്ടുകൾ

പ്രചാരണ യോഗങ്ങൾ സംഘടിപ്പിക്കുന്നതിനായി ജില്ലയിൽ കൂടുതൽ ഹാളുകളും ഗ്രൗണ്ടുകളും അനുവദിച്ചു. രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും ആവശ്യം പരിഗണിച്ചാണ് പുതിയ ഗ്രൗണ്ടുകളും ഹാളുകളും ഉൾപ്പെടുത്തി പട്ടിക പുതുക്കിയത്.