
കണ്ണൂർ: യുവരക്തങ്ങൾ ഏറ്റുമുട്ടുന്ന പയ്യന്നൂർ നിയമസഭാ മണ്ഡലത്തിൽ പോര് മുറുകി. പതിവിന് വിപരീതമായി ഇക്കുറി യു.ഡി.എഫ് കരുത്തനായ സ്ഥാനാർത്ഥിയെയാണ് കളത്തിലിറക്കിയത്. മുൻകാലങ്ങളിൽ ഈസി വാക്കോവർ ആകാതിരിക്കാൻ മാത്രമായിരുന്നു മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നത്. മണ്ഡലം രൂപീകൃതമായത് മുതൽ ഇടത്തോട്ട് മാത്രം സഞ്ചരിച്ച ചരിത്രമാണ് പയ്യന്നൂരിന്റേത്. പിണറായി വിജയൻ, എം.വി. രാഘവൻ, എ.വി. കുഞ്ഞമ്പു തുടങ്ങിയ കരുത്തരായ കമ്മ്യൂണിസ്റ്റുകൾ പയ്യന്നൂരിനെ പ്രതിനിധീകരിച്ചിരുന്നു. ഇവരുടെ പിൻമുറക്കാരനായ ടി.ഐ. മധുസൂദനനാണ് ഇക്കുറി എൽ.ഡി.എഫിന് വേണ്ടി ജനവിധി തേടുന്നത്.
നാടൻ കലാരംഗത്ത് പയറ്റി തെളിഞ്ഞ് കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ എം. പ്രദീപ്കുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. രണ്ടുപേരും മണ്ഡലത്തിലെ വോട്ടർമാർ ആണെന്ന് മാത്രമല്ല, പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തവരുമാണ്. എ.കെ.ജി സഹകരണാശുപത്രിയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്ന മധുസൂദനൻ, പയ്യന്നൂർ ഇം.എം.എസ് സഹകരണാശുപത്രിയുടെ പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനയിലൂടെയാണ് പാർട്ടിയുടെ അമരത്തെത്തിയത്. ഏറെക്കാലം പാർട്ടി പയ്യന്നൂർ ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
മണ്ഡലത്തിൽ സുപരിചിതനും, കലാ, സാംസാകാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്നയാളാണ് എം. പ്രദീപ്കുമാർ. കലയും രാഷ്ട്രീയവും മുറുകെ പിടിച്ചുകൊണ്ടാണ് പ്രദീപ്കുമാർ പൊതുരംഗത്ത് ശ്രദ്ധേയനായത്. പിതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന ചന്ദ്രശേഖരൻ വൈദ്യരുടെ സാമൂഹിക ബന്ധങ്ങളും പ്രദീപ്കുമാറിന് വോട്ടായി മാറും എന്നാണ് കണക്കുകൂട്ടത്. രണ്ടു ഘട്ടങ്ങളിലായി കേരളാ ഫോക്‌ലോർ അക്കാഡമിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച അനുഭവവും കൂട്ടായുണ്ട്. നൂറുകണക്കിന് നാടൻ കലകളെയും ആദിവാസി, ഗോത്ര സമൂഹത്തിന്റെ ആചാരങ്ങളും കേരളത്തിന് പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം വലിച്ച പങ്ക് വളരെ വലുതാണ്. മലബാറിൽ ഒതുങ്ങിയിരുന്ന അക്കാഡമി പ്രവർത്തനങ്ങൾ കേരളത്തിലാകമാനം വ്യാപിപ്പിക്കാൻ പാലക്കാടും കോട്ടയത്തും ഉപകേന്ദ്രങ്ങൾ തുറക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചതും ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു.
കെ.പി.സി.സിയുടെ സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷൻ കൂടിയാണ് പ്രദീപ്കുമാർ. നേരത്തെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മാനവ സംസ്കൃതിയുടെ മുഖ്യ ചുമതലക്കാരൻ കൂടിയാണ്. കഴിഞ്ഞ തവണ ജില്ലയ്ക്ക് പുറത്തുള്ള ആളായിരുന്നു മണ്ഡലത്തിൽ യു.ഡി.എഫിന് വേണ്ടി ജനവിധി തേടിയിരുന്നത്. അതുകൊണ്ടുതന്നെ 42,000 തോളം വോട്ടിന് മുന്നണി സ്ഥാനാർത്ഥി ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഈ ദുഃസ്ഥിതി മാറ്റി എടുത്ത് പ്രദീപ്കുമാറിലൂടെ ശ്രദ്ധേയമായ മത്സരം കാഴ്ചവെക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.
വിജയം ഉറപ്പാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും, കഴിഞ്ഞ വർഷത്തെ ഭൂരിപക്ഷം കുറക്കാൻ കഴിഞ്ഞാൽ തന്നെ യു.ഡി.എഫിന് അഭിമാനിക്കാൻ കഴിയും. എൻ.ഡി.എ ടിക്കറ്റിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി അഡ്വ. കെ.കെ. ശ്രീധരനും മത്സര രംഗത്തുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ വേളയിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയതാണ് ശ്രീധരൻ.