photo
കഠിനമായ ചൂടിൽ വെള്ളം കിട്ടാതെ ചത്ത കിളി

പഴയങ്ങാടി: വേനൽ കടുത്തതോടെ വെള്ളം കിട്ടാതെ ചെറുപക്ഷികൾ ചത്തൊടുങ്ങുന്നു. മുൻകാലങ്ങളിൽ പറവകൾക്കായി തണ്ണീർകുടങ്ങൾ ഒരുക്കുന്നതിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകൾ മത്സരത്തിച്ചിരുന്നുവെങ്കിൽ തിരഞ്ഞെടുപ്പ് ചൂടിൽ ഇക്കുറി ചുരുക്കം പേർ മാത്രമെ ഇതിനു തയാറായിട്ടുള്ളു.

ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുമ്പോൾ ദാഹജലത്തിനായി പക്ഷി മൃഗാദികൾ അലയുകയാണ്. പഴയങ്ങാടി മേഖലയിൽ ക്ഷേത്രക്കുളങ്ങളും പൊതുകുളങ്ങളും ഏതാണ്ട് വറ്റുവരണ്ടു. മാടായിപ്പാറയിലെ വടുകുന്ദ ക്ഷേത്ര തടാകമൊഴികെ, പ്രദേശത്തെ പതിമൂന്നോളം കുളങ്ങളും വറ്റിയിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഒരേക്കറോളം വരുന്ന മാടായി ശ്രീകൃഷ്ണക്ഷേത്ര കുളവുമുണ്ട്. ഈ കുളം സംരക്ഷിക്കണമെന്ന് നാട്ടുകാർ ഏറെകാലമായി അധികൃതരോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല.

മഴക്കാലത്ത് പെയ്തിറങ്ങുന്ന വെള്ളം സംരക്ഷിക്കാൻ നടപടി ഇല്ലാത്തതാണ് കുടിവെള്ള സ്രോതസ്സുകൾ മിക്കതും ഇല്ലാതാകാൻ കാരണമാകുന്നത്. ഒരേക്കറോളം വലിപ്പമുള്ള ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിൽ മഴക്കാലത്ത് നിറയെ വെള്ളം ഉണ്ടാകും. ഒരു കാലത്ത് നാടിന്റെ പ്രധാന ജലസംഭരണിയായിരുന്നു ഈ കുളം. പ്രദേശത്തെ കിണറുകളിൽ കുടിവെള്ളം ലഭിക്കുന്നതിന് ഉൾപ്പെടെ ഈ കുളം ഏറെ സഹായകരമായിരുന്നു. എന്നാൽ പടവുകൾ ഇടിഞ്ഞ് സംരക്ഷണമില്ലാതെ കുളം നാശത്തിന്റെ വക്കിൽ എത്തുകയായിരുന്നു. നേരത്തെ ഇതിനോട് ചേർന്ന് നിർമ്മിച്ച കുടിവെള്ള പദ്ധതിയിൽനിന്നായിരുന്നു വേനലിൽ പഴയങ്ങാടിയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിച്ചിരുന്നത്. മാടായിപ്പാറ മുതൽ ചെമ്പല്ലിക്കുണ്ട് വരെ പത്തോളം പൊതുകുളങ്ങളാണ് സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുന്നത്.