pathrik-

കാസർകോട് : ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ പത്രികാസമർപ്പണം ആഘോഷമാക്കി എൻ.ഡി.എ പ്രവർത്തകർ. ഇന്നലെ ഉച്ചയ്ക്ക് 12ന് ഉദ്യാവർ മാടയിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയായിരുന്നു കെ.സുരേന്ദ്രൻ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നാമനിർദ്ദേശ പത്രിക നൽകാനെത്തിയത്.

ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ മഹിളാ മോർച്ച നേതാക്കൾ സ്ഥാനാർത്ഥിയെ ആരതി ഉഴിഞ്ഞു. തിലകം ചാർത്തി. രണ്ടു ദിവസമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരണത്തിന്റെ തിരക്കിലായിരുന്നു സുരേന്ദ്രൻ . പ്രധാന കേന്ദ്രങ്ങളിൽ എത്തി സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിയുന്നവരെ നേരിൽ കണ്ട് വോട്ട് ചോദിച്ച ശേഷമാണ് പത്രിക നൽകിയത്. പത്രികാസമർപ്പണത്തിന് മുമ്പ് ഇന്നലെ രാവിലെ മധൂർ ക്ഷേത്രത്തിലും മറ്റ് പ്രധാന ക്ഷേത്രങ്ങളിലും എത്തി സുരേന്ദ്രൻ അനുഗ്രഹം തേടിയിരുന്നു.

ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണ ഷെട്ടി, സുരേഷ് കുമാർ ഷെട്ടി, ഉത്തര മേഖല വൈസ് പ്രസിഡന്റ് കെ.സതീഷ് ചന്ദ്ര ഭണ്ഡാരി, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണ തുടങ്ങിയവർ കെ.സുരേന്ദ്രനെ അനുഗമിച്ചു.