കാസർകോട്: കർണാടക അതിർത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടക ഇന്നലെ രാവിലെ തലപ്പാടി അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധന നടത്തിയത് മലയാളി യാത്രക്കാരെ വട്ടംകറക്കി. തുടർന്ന് ഒരു ദിവസം ഇളവ് നൽകിയെങ്കിലും ഇന്ന് മുതൽ ആർ.ടി.പി .സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് കർണാടക അധികൃതർ മുന്നറിയിപ്പ് നൽകിയതും മലയാളികളെ വലക്കും.
രാവിലെ ഏഴുമണി മുതൽ ഒൻപതു മണിവരെയാണ് തലപ്പാടി അതിർത്തിയിൽ കർണാടക പരിശോധന കർശനമാക്കിയത്. കാസർകോട് നിന്ന് പോയ സ്വകാര്യ ബസുകളെയും കെ.എസ്.ആർ.ടി.സി ബസുകളെയും അതിർത്തിയിൽ തടഞ്ഞു. മറ്റു വാഹന യാത്രക്കാരോടും കൊവിഡ് നിയന്ത്രണങ്ങൾ തുടരുകയാണെന്ന് പറഞ്ഞു. കൊവിഡിന്റെ രണ്ടാംതരംഗ മുന്നറിയിപ്പിനെ തുടർന്നാണ് കർണാടക വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
യാത്രക്കാരിൽ ചിലരോട് ആന്റിജൻ ടെസ്റ്റ് മതിയെന്നു പറഞ്ഞതും ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. കാസർകോട് നിന്നുള്ള അതിർത്തികളിൽ ഗതാഗതം കുറവുള്ളവ അടച്ചിടാനും ബാക്കിയുള്ളവയിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കാനും ദക്ഷിണ കർണാടക ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കർണാടക ഇതിന് മുൻപ് പലതവണ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നെങ്കിലും കോടതി ഉത്തരവിനെയും പ്രതിഷേധങ്ങളെയും തുടർന്ന് ഒഴിവാക്കുകയായിരുന്നു.
കർണ്ണാടക സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതി ഇതുവരെ തീർപ്പ് കല്പിച്ചിട്ടില്ല. ഇടയ്ക്കിടെ കർണ്ണാടക സർക്കാർ എടുക്കുന്ന നടപടി മലയാളികളെ തെല്ലൊന്നുമല്ല കഷ്ടപ്പെടുത്തുന്നത്. പരിശോധന കർശനമാക്കിയതിന്റെ മറവിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന ലോബിയും തലപ്പാടി അതിർത്തിയിൽ സജീവമായിട്ടുണ്ട്.
വ്യാജ സർട്ടിഫിക്കറ്റുമായി വന്നാൽ അറസ്റ്റ്
ഇരിട്ടി: കേരളത്തിൽനിന്ന് കർണാടകത്തിലേക്ക് പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർണാടക ആരോഗ്യവകുപ്പ് നിർബന്ധമാക്കിയതോടെ വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നിയന്ത്രണം കർശനമാക്കി. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരെ അറസ്റ്റുചെയ്യാനും കർണാടക തീരുമാനിച്ചു.
കഴിഞ്ഞദിവസങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റുമായി എത്തിയ നിരവധി പേരെ പിടികൂടിയിരുന്നു. നിലവിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി എത്തുന്നവരെയാണ് അതിർത്തി കടത്തിവിടുന്നത്. സ്ഥിരം യാത്രക്കാർക്കും ചരക്ക് വാഹനത്തൊഴിലാളികൾക്കും 14 ദിവസത്തേക്കും മറ്റുള്ളവർക്ക് 72 മണിക്കൂറുമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി.
ഇത് പരിശോധിക്കുന്നതിനായി മാക്കൂട്ടം ചെക്ക് പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പ് പ്രത്യേക കൗണ്ടറും തുറന്നിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പരിശോധനയ്ക്കും സുരക്ഷയ്ക്കുമായി ചെക്ക് പോസ്റ്റിൽ മറ്റൊരു കൗണ്ടർകൂടി തുറന്നിട്ടുണ്ട്.