saliya
പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിൽ നടന്ന പത്മശാലിയ പൊറാട്ട്

പിലിക്കോട്:വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് തുടക്കമായി. രണ്ടാം വർഷവും പൂരോത്സവം കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ചടങ്ങുകളിൽ മാത്രം ഒതുങ്ങുകയാണ്.

ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പത്മശാലിയ പൊറാട്ടും ചടങ്ങുകളിൽ ഒതുങ്ങുകയായിരുന്നു ഇക്കുറി. പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രത്തിൽ നിന്നാണ് പൊറാട്ട് വേഷങ്ങൾ എത്തിയത്. അട്ടക്കണം പോതി, വാഴപ്പോതി, ചോകോൻമാർ എന്നീ ആചാരപൊറാട്ട് വേഷങ്ങൾ മാത്രമാണ് പൊറാട്ടിലുണ്ടായിരുന്നത്. ആനുകാലിക വിഷയങ്ങളും ആക്ഷേപഹാസ്യവുമായി വരുന്ന പൊറാട്ട് വേഷങ്ങൾ ഇത്തവണ ഉണ്ടായില്ല.

വീടുകളെയും കാവുകളെയും കഴകങ്ങളെയും ക്ഷേത്രങ്ങളെയും ഒരു പോലെ ഉത്സവത്തിമിർപ്പിലാഴ്ത്തുന്നതാണ് വടക്കൻ കേരളത്തിൽ പൂരക്കാലം. സമ്പൂർണ്ണ ലോക്‌ഡൗൺ നിലനിന്നിരുന്നതിനാൽ കഴിഞ്ഞ പൂരക്കാലത്ത് ക്ഷേത്രങ്ങളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. ഇളവുകളുടെ പശ്ചാത്തലത്തിലാണ് ചടങ്ങുകൾ മാത്രമായി ഇത്തവണ പൂരോത്സവം നടക്കുന്നത്. മീന മാസത്തിലെ കാർത്തിക നാളിൽ തുടങ്ങി പൂരം നാളിൽ കൊടിയിറങ്ങും വിധം ഒമ്പത് ദിവസങ്ങളിലാണ്‌ ഉത്തരകേരളത്തിൽ പൂരക്കാലം.