കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഓഫീസ് പരിസരത്ത് പ്രവർത്തിക്കുന്ന പ്രാണി ദ്രോഹ നിവാരണ സമിതി ഓഫീസ് (എസ്.പി.സി.എ) ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു. ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തിലെത്തിയ ജില്ലാ പഞ്ചായത്തധികൃതർ ഓഫീസ് കെട്ടിടവും സ്ഥലവും ഉൾപ്പെടുന്ന പ്രദേശം ഏറ്റെടുത്തതായി കാണിച്ച് നോട്ടീസ് പതിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് നീക്കത്തിനെതിരെ എസ്.പി.സി.എ ഭാരവാഹികളും മേയർ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. മൃഗപരിപാലനത്തിനായി പ്രവർത്തിക്കേണ്ട എസ്.പി.സി.ഐ ഇപ്പോൾ വെറും വാടക പിരിവ് മാത്രമാണ് നടത്തുന്നതെന്നും മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി യാതൊരു നടപടിയും എടുക്കുന്നില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ചൂണ്ടിക്കാട്ടി. ഇവിടെയുള്ള എഴുപതോളം പട്ടികൾ ഭക്ഷണവും മരുന്നും പരിചരണവും ലഭിക്കാതെ മറ്റൊരു സ്ഥലത്താണുള്ളത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരാണ് ജില്ലാ പഞ്ചായത്തിനോട് എസ്.പി.സി.എ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതെന്നും ദിവ്യ പറഞ്ഞു.
കെട്ടിടവും സ്ഥലവും ഏറ്റെടുത്ത നടപടി തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് ജില്ലാ പഞ്ചായത്തിന്റെ പരാതിയിൽ മേയർ ടി.ഒ. മോഹനൻ, അഡ്വ. പി.സി. പ്രദീപ്, അഡ്വ. വിനോദ് രാജ്, അഡ്വ. പി. ഇന്ദിര എന്നിവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. സർക്കാരിന്റെ ഉത്തരവ് പ്രകാരവും കോടതി നിർദ്ദേശ പ്രകാരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും ജില്ലാ വെറ്റിനറി ഓഫീസർ കൺവീനറുമായി എസ്.പി.സി.എ മാനേജിംഗ് കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശമുണ്ടെന്നും പി.പി ദിവ്യ അറിയിച്ചു.
സാമ്പത്തിക അരാജകത്വം, ഉത്തരവാദിത്തം നിറവേറ്റാതിരിക്കുക എന്നീ കാര്യങ്ങളാണ് നിലവിലുള്ള സമിതി ചെയ്ത് കൊണ്ടിരിക്കുന്നത്. എസ്.പി.സി.എ കെട്ടിടത്തിനകത്ത് മദ്യപാനം, ശീട്ട് കളി ഉൾപ്പെടെയും നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മുൻ കൗൺസിലർ പരാതി നൽകിയിരുന്നുവെങ്കിലും എസ്.പി.സി.എ ഒരു മാഫിയ സംഘമായി മാറി കൊണ്ടിരിക്കുകയാണ്. സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാണ് സർക്കാർ ഉത്തരവ് പ്രകാരം ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്നത്.
പി.പി. ദിവ്യ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
ഇടുക്കിയിലുള്ള എസ്.പി.സി.എ ജില്ലാ പഞ്ചായത്തിനോട് ഏറ്റെടുക്കാൻ പറഞ്ഞതായുള്ള കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കണ്ണൂരിലെ ഓഫീസ് പിടിച്ചെടുക്കാൻ ശ്രമം നടത്തിയത്. ജില്ലാ പഞ്ചായത്തിന്റെ നടപടിക്ക് നിയമ സാധുതയില്ല. സൊസൈറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ഓഫീസ് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നത്.
അഡ്വ. വിനോദ് രാജ് (എസ്.പി.സി.എ ട്രഷറർ)