കാഞ്ഞങ്ങാട്: മൂന്ന് മുന്നണികളും പ്രചാരണരംഗത്ത് സജീവമായതോടെ കാഞ്ഞങ്ങാട് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് തിരക്കിലായി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മന്ത്രി ഇ. ചന്ദ്രശേഖരൻ മടിക്കൈ പഞ്ചായത്തിലെ തൊഴിൽശാലകളും കച്ചവടസ്ഥാപനങ്ങളും കയറിയിറങ്ങി വോട്ടർമാരെ കണ്ടപ്പോൾ സ്വന്തം നാടായ മഡിയനിൽ നിന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി.സുരേഷ് പര്യടനം തുടങ്ങിയത്. എൻ.ഡി.എ സ്ഥാനാർത്ഥി ബൽരാജ് നായ്ക്ക് അജാനൂർ ശ്രീകുറുമ്പ ഭഗവതിക്ഷേത്ര പൂരോത്സവ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് വോട്ടർമാരെ കാണാനിറങ്ങിയത്.

രാവിലെ ഒൻപതരയോടെ കോട്ടപ്പാറയിലെ വിറ്റൽ കാഷ്യു ഫാക്ടറിയിലാണ് ചന്ദ്രശേഖരൻ ആദ്യം സന്ദർശനത്തിന് എത്തിയത്. വിശേഷങ്ങൾ പങ്കുവച്ച് ഫോട്ടോ എടുത്ത ശേഷം സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. തുടർന്ന് പടന്നക്കാട് സനാതന കോളേജിലെത്തി കുട്ടികളെയും അദ്ധ്യാപകരെയും കണ്ടു. ബെസ്റ്റ് കോട്ട് ചേടി ഫാക്ടറി, മടിക്കൈ അമ്പലത്തുകര ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി. മുൻ എം.എൽ.എ എം.നാരായണൻ ,സി.പി.എം ജില്ലാകമ്മിറ്റി അംഗം സി.പ്രഭാകരൻ, ഏരിയ സെക്രട്ടറി എം.രാജൻ, ഏരിയ കമ്മിറ്റി അംഗം മാടത്തിനാട്ട് രാജൻ തുടങ്ങിയവർ സ്ഥാനാർത്ഥിയുടെ കൂടെ ഉണ്ടായിരുന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. സുരേഷ് ഇന്നലെ രാവിലെ മഡിയനിൽ വോട്ടഭ്യർത്ഥിച്ച ശേഷം പിന്നീട് വീട്ടിലെത്തി അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങി ഇറങ്ങുകയായിരുന്നു. നേരെ കുടുംബക്ഷേത്രമായ അത്തിക്കൽ തറവാട്ടിലെത്തി പ്രാർത്ഥിച്ചു. അതിനുശേഷം അതിഞ്ഞാൽ പള്ളിയിയിലെത്തി. ഇതിന് ശേഷം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മണ്ഡലം മുസ്ലിം ലീഗ് ഓഫീസിലെത്തി യു.ഡി.എഫ് പ്രവർത്തകരുടെ അകമ്പടിയോടെ നാമനിർദേശ പത്രിക സമർപ്പിക്കാൻ ആർ.ഡി.ഒ ഓഫീസിൽ എത്തി സബ് കളക്ടർ മേഘശ്രീ മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വൈകിട്ട് നാലരയോടെ കാഞ്ഞങ്ങാട് നഗരസഭ, അജാനൂർ പഞ്ചായത്തുകളിൽ തീരദേശ ഹൈവേയിൽ റോഡ് ഷോയും നടത്തി.

എൻ.ഡി.എ സ്ഥാനാർത്ഥി എം ബൽരാജ് ഇന്നലെ രാവിലെ പൂരോത്സവം നടക്കുന്ന അജാനൂർ ശ്രീകുറുംബ ഭഗവതിക്ഷേത്രത്തിലെത്തി തൊഴുതാണ് പ്രചാരണം തുടങ്ങിയത്. ആചാരസ്ഥാനീയരിൽ നിന്ന് അനുഗ്രഹം തേടിയ ശേഷം അജാനൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ കൊളവയൽ,പുതിയകണ്ടം വിശ്വകർമ്മക്ഷേത്രം, ആനന്ദാശ്രമം, അജാനൂർ ഹെൽത്ത് സെന്റർ, രാമനഗരം നെയ്ത്ത് സെന്റർ, മിൽമ ഡയറി, കാംപ്‌കോ എന്നിവടങ്ങളിലെ തൊഴിലാളികളെ കണ്ട് അഭ്യാർത്ഥന നടത്തി. ഉച്ചക്ക് ശേഷം മടിക്കൈ പഞ്ചായത്തിലെ കോട്ടപ്പാറ വിട്ടൽ ക്യാഷു കമ്പനി, ശീറാം ട്രേഡേഴ്സ്, മടിക്കൈ സർവീസ് സഹകരണ ബാങ്ക്, ബെസ്റ്റ് കോട്ട്, പൂത്തക്കാൽ തുടങ്ങിയ പ്രദേശങ്ങളിലെത്തി വോട്ടർമാരെ നേരിൽ കണ്ടു. രാത്രിയിൽ കാരക്കോട്ട് നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്തു.