
കാസർകോട്: ഇഞ്ചോടിഞ്ച് ശക്തമായ ത്രികോണ പോരിൽ തിളച്ചു മറിയുകയാണ് മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് പോരാട്ടം. കഴിഞ്ഞ തവണ 89 വോട്ടിന് വഴുതിപ്പോയ മണ്ഡലത്തിൽ അക്കൗണ്ട് തുറക്കാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വീണ്ടും എത്തിയിട്ടുണ്ട്. പത്രികാ സമർപ്പണം കഴിഞ്ഞതോടെ സ്ഥാനാർത്ഥികൾ പര്യടനം സജീവമാക്കുകയാണ്.
മലയാളത്തിലും കന്നടയിലും അടക്കം വിവിധ ഭാഷകളിലാണ് ചുവരെഴുത്തുകൾ. പ്രചാരണത്തിൽ തുളു പോലുമുണ്ട്. സപ്തഭാഷകൾ സംസാരിക്കുന്ന വോട്ടർമാരുണ്ട് മണ്ഡലത്തിൽ.
ജാതി-മത വോട്ടുകൾ നിർണായകം
ജാതി, മത വോട്ടുകൾക്ക് മേൽക്കൈയുള്ള മണ്ഡലത്തിൽ മതനേതാക്കളെ നേരിൽ കണ്ടു വോട്ട് ഉറപ്പിക്കുന്നതിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും തുടക്കത്തിൽ തന്നെ താത്പര്യം കാട്ടിയിരുന്നു.
89 വോട്ടിന് കൈവിട്ട മണ്ഡലം പിടിക്കുന്നതിന് കർണ്ണാടകയിലെ സംഘപരിവാർ നേതാക്കൾ മണ്ഡലത്തിൽ തമ്പടിച്ച് പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയാണ്.
2016 ലെ പോലെ കള്ളവോട്ടിൽ ജയിക്കാൻ യു.ഡി.എഫിനെ വിടില്ലെന്നാണ് ബി.ജെ.പി പറയുന്നത്. സി.പി.എം വോട്ട് മറിക്കുന്ന അഭ്യാസവും ഇനി നടക്കാൻ പോകുന്നില്ലെന്നും കേരളത്തിൽ ഇടതുമുന്നണി കൊട്ടിഘോഷിക്കുന്ന വികസനമൊന്നും മഞ്ചേശ്വരത്ത് കണികാണാൻ ഇല്ലെന്നതും ഇവർ പ്രചാരണ വിഷയമാക്കുന്നു.
സുരേന്ദ്രനെ നേരിടാനും ഉറച്ച യു.ഡി.എഫ് കോട്ടയായി മഞ്ചേശ്വരം നിലനിറുത്താനും നിയമസഭയിലേക്ക് കന്നിക്കാരനായ മുസ്ലിംലീഗിലെ യുവനേതാവ് എ.കെ.എം അഷ്‌റഫ് പോരാടുകയാണ്. വിശ്വാസം അർപ്പിച്ച് ലീഗ് നേതൃത്വം വിട്ടുനൽകിയ സീറ്റിൽ ഭൂരിപക്ഷം ഉയർത്തി തന്റെ സ്വാധീനശക്തി ബോദ്ധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വവും നിർവഹിക്കേണ്ടതിനാൽ ഗോദയിൽ സജീവമാണ് അഷ്‌റഫ്. 2016 ലും 2019 ലെ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ കുറവ് നികത്താനുള്ള പോരാട്ടമാണ് അഷ്‌റഫ് നടത്തുന്നത്.
മഞ്ചേശ്വരം മണ്ഡലത്തോട് ഇടതുമുന്നണി സർക്കാർ കാണിക്കുന്ന അവഗണനയും ബി.ജെ.പിയെ ആക്രമിച്ചുമുള്ള പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്.
തിരഞ്ഞെടുപ്പ് ഗോദയിൽ പരിചയസമ്പന്നനായ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുൻ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനുമായിരുന്ന വി.വി. രമേശൻ എത്തിയതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം മാറിയിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും കാണാത്ത വിധം പ്രചാരണം കൊഴുപ്പിച്ചിരിക്കുകയാണ് എൽ.ഡി.എഫ്. മണ്ഡലത്തിൽ നിറയെ വി.വി. രമേശന് വേണ്ടിയുള്ള ചുമരെഴുത്തുകളാണ്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് യു.ഡി.എഫിനും ബി.ജെ.പിക്കുമെതിരെയാണ് രമേശൻ പൊരുതുന്നത്. യു.ഡി.എഫിനെയും ബി.ജെ.പിയെയും അട്ടിമറിച്ച് മണ്ഡലത്തിൽ 2006 ആവർത്തിക്കുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. 2006 ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പു കരുത്തനായ ചെർക്കളം അബ്ദുള്ളയെ അട്ടിമറിച്ചതാണ് മണ്ഡലത്തിലെ വീറുറ്റ പോരാട്ടത്തിന്റെ ചരിത്രം. 2001ൽ ചെർക്കളം 13,188 വോട്ടിന് ജയിച്ച മണ്ഡലമാണ് 4,829 വോട്ടിന് സി.എച്ച്. കുഞ്ഞമ്പു പിടിച്ചടക്കിയത്. ആ വിജയമാണ് രമേശന്റെ സ്വപ്നം.
വിജയം ആരെ തുണയ്ക്കും
2016 ലെ തിരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് ലീഗിലെ പി.ബി. അബ്ദുൾ റസാഖ് കെ. സുരേന്ദ്രനെ തോൽപ്പിച്ചത്. എന്നാൽ, പി.ബിയുടെ മരണത്തെ തുടർന്ന് 2019 ലെ ഉപതിരഞ്ഞെടുപ്പിൽ എം.സി. ഖമറുദ്ദീൻ മണ്ഡലം നിലനിറുത്തിയത് 7923 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. തുടർച്ചയായി മണ്ഡലത്തിൽ രണ്ടാം സ്ഥാനം ബി.ജെ.പിക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ രവീശ തന്ത്രി കുണ്ടാർ 57,484 വോട്ട് നേടിയിരുന്നു. 2016 ൽ ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ നേടിയത് 56,781 വോട്ടായിരുന്നു.
എൽ.ഡി.എഫിലെ സി.എച്ച്. കുഞ്ഞമ്പു 42,565 വോട്ടും നേടി. എന്നാൽ 2016 ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മത്സരിപ്പിച്ച എം. ശങ്കർറായിക്ക് ലഭിച്ചത് 38,233 വോട്ട് മാത്രമായിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രാജ്‌മോഹൻ ഉണ്ണിത്താന് 11000 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ ഉണ്ടായിരുന്നു. എം.സി. ഖമറുദ്ദീൻ ജയിച്ചപ്പോൾ ഭൂരിപക്ഷത്തിൽ 3000 വോട്ടിന്റെ കുറവുണ്ടായി. മുന്നണികൾ തമ്മിൽ നേരിയ വോട്ടിന്റെ വിത്യാസം മാത്രമുള്ള മണ്ഡലത്തിൽ വിജയം ആരെ തുണയ്ക്കുമെന്ന് അറിയാൻ കാത്തിരിക്കണം.