
കാസർകോട്: ശക്തമായ ത്രികോണപ്പോരിൽ തിളച്ചു മറിയുകയാണ് അതിർത്തി മണ്ഡലമായ മഞ്ചേശ്വരം . കളംപിടിക്കാൻ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വീണ്ടും എത്തിയതോടെ തുളുനാടൻ പോരാട്ടം ദേശീയശ്രദ്ധയിലെത്തിയിരിക്കുകയാണ്.
മുന്നണി സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് മുന്നേറുന്ന കാഴ്ചയാണ് മഞ്ചേശ്വരത്ത്. മറ്റ് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്ന് ഭാഷകളിൽ ചുവരെഴുതിയും അനൗൺസ് മെന്റ് നടത്തിയും വൈവിദ്ധ്യപൂർണമാണ് ഇവിടെ പ്രചാരണം.
ഏഴുഭാഷകൾ സംസാരിക്കുന്ന ജനതയാണ് മഞ്ചേശ്വരത്തുള്ളത്.. ജാതി, മത വോട്ടുകൾക്കും നിർണ്ണായക സ്വാധീനമുള്ള മണ്ഡലം.മതനേതാക്കളെ നേരിൽ കണ്ടു വോട്ട് ഉറപ്പിക്കാൻ മൂന്ന് സ്ഥാനാർത്ഥികളും ആദ്യമേ ശ്രദ്ധിച്ചു. 2016ൽ 89 വോട്ടിന് കൈവിട്ട മണ്ഡലം പിടിക്കുന്നതിന് കർണ്ണാടക ബി ജെ പി, സംഘപരിവാർ നേതാക്കൾ മണ്ഡലത്തിൽ തമ്പടിച്ചു സുരേന്ദ്രന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയാണ്. 2016 ലെ പോലെ കള്ളവോട്ടും ചതിയും നടത്തി ജയിക്കാൻ യു .ഡി .എഫിനെ വിടില്ലെന്നാണ് ബി ജെ പി പറയുന്നത്. തങ്ങളുടെ ജയം തടയാൻ വോട്ടുമറിക്കുന്ന സി .പി. എമ്മിന്റെ അഭ്യാസവും നടക്കില്ലെന്ന് ഇവർ പറയുന്നു.
കേരള രാഷ്ട്രീയത്തിൽ ശക്തനായ കെ. സുരേന്ദ്രനെ നേരിടാനും ഉറച്ച യു .ഡി .എഫ് കോട്ട നിലനിർത്താനും നാട്ടുകാരനായ പുതുമുഖ സ്ഥാനാർത്ഥി എ. കെ. എം അഷ്‌റഫിനെയാണ് ഇക്കുറി നിയോഗിച്ചത്. ലീഗ് നേതൃത്വം വിശ്വസിച്ച് നൽകിയ സീറ്റിൽ ഭൂരിപക്ഷം ഉയർത്തി തന്റെ സ്വാധീനം ബോദ്ധ്യപ്പെടുത്തണമെന്നതിനാൽ കഠിനപരിശ്രമത്തിലാണ് അഷ്റഫ്.
സി. പി .എം ജില്ലാ കമ്മറ്റി അംഗവും മുൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാനുമായിരുന്ന വി. വി. രമേശൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആയതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം മാറിയിട്ടുണ്ട്. മണ്ഡലത്തിൽ നിറയെ വി വി രമേശന് വേണ്ടിയുള്ള ചുമരെഴുത്തുകളാണ്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും യു .ഡി .എഫിനെയും ബി. ജെ .പിയേയും ആക്രമിച്ചുമാണ് രമേശന്റെ പ്രചാരണം. യു .ഡി .എഫിനെയും ബി .ജെ. പിയെയും മറികടന്ന് 2006 ആവർത്തിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ അവകാശവാദം.
മംഗൽപാടി, കുമ്പള, എൻമകജെ ഗ്രാമ പഞ്ചായത്തുകൾ യു .ഡി.എഫും വോർക്കാടി, മീഞ്ച, പുത്തിഗെ പഞ്ചായത്തുകൾ എൽ .ഡി .എഫുമാണ് ഭരിക്കുന്നത്. മഞ്ചേശ്വരം പഞ്ചായത്തിൽ ബി .ജെ. പി പിന്തുണയിൽ സ്വതന്ത്ര അംഗം പ്രസിഡന്റും പൈവളിഗെയിൽ പ്രസിഡന്റ് എൽ. ഡി. എഫും വൈസ് പ്രസിഡന്റ് ബി .ജെ. പിയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെക്കാൾ യു. ഡി എഫിന് 5000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് മണ്ഡലത്തിലുള്ളത്. രണ്ടാംസ്ഥാനത്തുള്ള ബി .ജെ .പിക്ക് എൽ.ഡി.എഫിനെക്കാൾ 2000 വോട്ട് മാത്രമെ അധികമുള്ളു.ഒന്നാംസ്ഥാനത്തുള്ള യു.ഡി.എഫും മൂന്നാംസ്ഥാനത്തുള്ള എൽ.ഡി.എഫും തമ്മിൽ ഏഴായിരം വോട്ടിന്റെ വ്യത്യാസമേയുള്ളുവെന്ന് ചുരുക്കം.