pnr

മത്സരം കടുപ്പിച്ച് എൻ.ഡി.എയും

പയ്യന്നൂർ: സംസ്ഥാനത്ത് ഇടത്മുന്നണിയുടെ ഉറച്ച സീറ്റുകൾ ഏതെല്ലാം എന്ന ചോദ്യത്തിന് ആദ്യ ഉത്തരമായി വരും പയ്യന്നൂരെന്ന പേര്. മണ്ഡലം നിലവിൽ വന്ന 1965 മുതൽ ഇതുവരെ പയ്യന്നൂരിൽ ഇടതുപക്ഷം മാത്രമെ വിജയിച്ചിട്ടുള്ളു.അത്രയ്ക്ക് വേരോട്ടം ദേശീയപ്രസ്ഥാനത്തിന്റെ അസുലഭമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച പയ്യന്നൂരിന്റെ മണ്ണിൽ ഇടതുപക്ഷത്തിനുണ്ട്.

എ.വി.കുഞ്ഞമ്പു , എൻ.സുബ്രഹ്മണ്യ ഷേണായി , എം.വി.രാഘവൻ, സി.പി.നാരായണൻ, പിണറായി വിജയൻ ,പി.കെ.ശ്രീമതി,സി. കൃഷ്ണൻ എന്നിവരാണ് പയ്യന്നൂരിനെ ഇതുവരെ പ്രതിനിധീകരിച്ചവർ.പയ്യന്നൂർ നഗരസഭ, കരിവെള്ളൂർ പെരളം ,കാങ്കോൽ ആലപ്പടമ്പ് , എരമം കുറ്റൂർ, പെരിങ്ങോം വയക്കര , ചെറുപുഴ, രാമന്തളി എന്നീ ഗ്രാമ പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന പയ്യന്നൂർ അസംബ്ലി മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണം ഇടതിനാണ്. 2016ൽ എൽ.ഡി.എഫിലെ സി. കൃഷ്ണന് 40263 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കോൺഗ്രസിലെ സാജിദ് മൗവലിന് 42963 വോട്ടും ബി.ജെ.പിയിലെ ആനിയമ്മ രാജേന്ദ്രന് 15341 വോട്ടും ലഭിച്ചു. 2011ൽ സി. കൃഷ്ണന് 22782 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2019 ലോകസഭ തിരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.സതീഷ് ചന്ദ്രന് പയ്യന്നൂർ 26131 വോട്ടിന്റെ ലീഡ് നൽകിയിരുന്നു.
പയ്യന്നൂരിന്റെ രാഷ്ട്രീയസാമൂഹിക കലാസാംസ്‌കാരിക മണ്ഡലങ്ങളിൽ നിറ സാന്നിദ്ധ്യമായ ടി. ഐ. മധുസൂദനനാണ് ഇക്കുറി എൽ.ഡി.എഫ്.സ്ഥാനാർത്ഥി.സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കണ്ണൂർ എ.കെ.ജി. ആശുപത്രി പ്രസിഡന്റ് എന്നീ നിലകളിൽ വോട്ടർമാർക്ക് സുപരിചിതൻ. ബാലസംഘം പ്രവർത്തകനായി തുടങ്ങി ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി , സി.പി.എം.പയ്യന്നൂർ ഏരിയ കമ്മിറ്റി സെക്രട്ടറി, പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.മുൻ ഫോക് ലോർ അക്കാഡമി ചെയർമാനായിരുന്ന കോൺഗ്രസിലെ എം.പ്രദീപ് കുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസ്സ് നേതാവും നടനും നാടക കൃത്തുമായിരുന്ന പരേതനായ വി.ചന്ദ്രശേഖരൻ വൈദ്യരുടെ മകനായ പ്രദീപ് കുമാർ ജില്ലയിലെ കോൺഗ്രസിന്റെ സാംസ്‌കാരിക മുഖമായാണ് അറിയപ്പെടുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച

പ്രദീപ് കുമാറിന് യുവജനങ്ങൾക്കിടയിലുള്ള സ്വാധീനം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.

എൻ.ഡി.എ.സ്ഥാനാർത്ഥിയായി അഡ്വ: കെ.കെ.ശ്രീധരനാണ് മത്സര രംഗത്തുള്ളത്. കോൺഗ്രസ് നേതാവായിരുന്ന ശ്രീധരൻ , ബി.ജെ.പി.അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയയാത്രയിലാണ് ബി.ജെ.പി.യിൽ അംഗമായത്. പ്രമുഖ ജ്യോതിഷ പണ്ഡിതനായിരുന്ന അച്ചം വീട്ടിൽ നാരായണ പൊതുവാളുടെ മകനായ ശ്രീധരന് വ്യക്തിപരമായും കുടുംബപരമായും മണ്ഡലത്തിൽ നല്ല സ്വാധീനമുണ്ട്.

കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ എൽ.ഡി.എഫ്.ഭരണത്തിൽ മണ്ഡലത്തിൽ നടന്ന ആയിരം കോടിയോളം രൂപയുടെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് എൽ.ഡി.എഫ് വോട്ടർമാരെ സമീപിക്കുന്നത്. എന്നാൽ ഇടതുപ്രതിനിധികൾ വൻപരാജയമായിരുന്നുവെന്നും ഇതിനൊരു മാറ്റം വേണമെന്നുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വോട്ടർമാരോടുള്ള അഭ്യർത്ഥന.മോദിയുടെ വികസനം പറഞ്ഞാണ് എൻ.ഡി.എയുടെ വോട്ടഭ്യർത്ഥന.