
കണ്ണൂർ: സി.പി. എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരി നിയോജക മണ്ഡലത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായ എൻ.ഡി.എ സ്ഥാനാർത്ഥി എൻ .ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളി പോയത് സി.പി.എം- ബി.ജെ.പി ഒത്തുകളിയാണെന്ന് സംശയിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
ബി.ജെ.പിയുടെ ഉന്നത നേതാവും കേന്ദ്രമന്ത്രി കൂടിയായ വി. മുരളീധരന്റെ ജന്മദേശം കൂടിയായ തലശ്ശേരിയിൽ ബി.ജെ.പി യുടെ ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളിപ്പോയത് ദുരൂഹത ഉയർത്തുന്നു. തലശ്ശേരിയിലെ സി.പി.എം സ്ഥാനാർത്ഥി എ.എൻ ഷംസീർ ശക്തമായ വെല്ലുവിളി നേരിടുമ്പോൾ ഭയാശങ്കയിലായ സി.പി.എം തലശ്ശേരി കോട്ട കൈവിടാതിരിക്കാൻ സംസ്ഥാനതലത്തിലുണ്ടായ ബി.ജെ പി -സി.പി.എം ധാരണയുടെ ഭാഗമായി നാമനിർദ്ദേശ പത്രിക കൃത്യതയില്ലാതെ നൽകിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിൽ കോട്ടകൾ തകരുന്നതിൽ നിന്ന് രക്ഷനേടാനുള്ള സി .പി. എം -ബി.ജെ.പി ഭായി ഭായി കളികൾ ജനങ്ങൾ തിരിച്ചറിയുമെന്നും പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.