trikaripoor

നീലേശ്വരം: മുൻമുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരും പ്രമുഖ നേതാക്കളായ ഒ.ഭരതനും പി.കരുണാകരനും കെ.കുഞ്ഞിരാമനും ജയിച്ചുകയറിയ തൃക്കരിപ്പൂർ മണ്ഡലത്തിൽ മുന്നണിയുടെ സ്ഥാനാർത്ഥി സിറ്റിംഗ് എം.എൽ.എ എം.രാജഗോപാലനാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ മന്ത്രി കെ.എം.മാണിയുടെ മകളുടെ ഭർത്താവ് എം.പി.ജോസഫും എൻ.ഡി.എ.സ്ഥാനാർത്ഥിയായി ടി.വി.ഷിബിനുമാണ് എതിരാളികൾ.

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 1403 കോടി രൂപയുടെ വികസനം മണ്ഡലത്തിൽ നടപ്പാക്കിയെന്നാണ് എം.രാജഗോപാലൻ രേഖകൾ സഹിതം ചൂണ്ടിക്കാട്ടുന്നത്. 2016ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.പി.കുഞ്ഞിക്കണ്ണനെ 16959 വോട്ടിനാണ് രാജഗോപാലൻ പരാജയപ്പെടുത്തിയത്, ഇക്കുറി ഭൂരിപക്ഷം വർദ്ധിക്കുമെന്നാണ് ഇടതുമുന്നണി പ്രവർത്തകരുടെ അവകാശവാദം.നീലേശ്വരം നഗരസഭ, ചെറുവത്തൂർ ,കയ്യൂർ-ചീമേനി, പിലിക്കോട്, വലിയപറമ്പ, പടന്ന, ഈസ്റ്റ് എളേരി, വെസ്റ്റ്എളേരി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് തൃക്കരിപ്പൂർ നിയോജക മണ്ഡലം. ഇതിൽ മൂന്ന് പഞ്ചായത്തുകളൊഴികെ മറ്റെല്ലായിടത്തും ഇടതുപക്ഷമാണ് ഭരണത്തിൽ.ഇതിൽ പ്രതിപക്ഷം പേരിനുപോലുമില്ലാത്ത കയ്യൂർ ചീമേനിയുമുണ്ട്.

കയ്യൂർ സ്വദേശിയായ എം.രാജഗോപാലൻ ബാലസംഘം എസ് .എഫ്. ഐ യിലൂടെയാണ് സി.പി.എമ്മിലെത്തിയത്.ഡി.വൈ.എഫ്.ഐ നേതൃനിരയിലും സജീവമായിരുന്നു. കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.യു.ഡി.എഫ് സ്ഥാനാർത്ഥിയായ എം.പി.ജോസഫിനെതിരെ ആദ്യഘട്ടത്തിൽ പ്രതിഷേധമുണ്ടായിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പറഞ്ഞുതീർത്തി. തൃക്കരിപ്പൂർ മണ്ഡലക്കാരനല്ലെങ്കിലും രാജ് മോഹൻ ഉണ്ണിത്താനെ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചത് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. മുൻ മന്ത്രി കെ.എം.മാണിയുടെ മകളുടെ ഭർത്താവായ എം.പി.ജോസഫ്.മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടിയാണ്. മികച്ച ജില്ലാ കളക്ടർക്കുള്ളള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള ഇദ്ദേഹം ഏഴോളം ഭാഷകൾ കൈകാര്യം ചെയ്യും. മത്സരത്തിൽ ആദ്യമാണെങ്കിലും നല്ല വാക്ചാതുരിയോടെയാണ് ഇദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്.

എൻ.ഡി.എ സ്ഥാനാർത്ഥിയായ ടി.വി.ഷിബിൻ മാണിയാട്ട് സ്വദേശിയാണ്.ശബരിമല സംരക്ഷണ സമിതി ജില്ല കൺവീനർ, വിശ്വഹിന്ദു പരിഷത്ത് 'മേഖലകളിൽ പ്രവർത്തിച്ച പരിചയവുമായാണ് മത്സര രംഗത്തേക്ക് വരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 10,800 വോട്ടാണ് എൻ.ഡി.എ.സ്ഥാനാർത്ഥിക്ക് ലഭിച്ചത്.2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 8426 വോട്ടും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പല വാർഡുകളിലും ബി.ജെ.പിയ്ക്ക് വോട്ടുവർദ്ധനവുണ്ടായിട്ടുണ്ട്.