
2016 തിരഞ്ഞെടുപ്പിൽ
ബി.ജെ.പിയ്ക്ക് 2016ൽ കിട്ടിയത് 22,125 വോട്ട്
ഷംസീറിന്റെ ഭൂരിപക്ഷം 34,117
കണ്ണൂർ: പാർട്ടി ജില്ലാ പ്രസിഡന്റിനെ ഇറക്കി സാക്ഷാൽ അമിത് ഷായെ തന്നെ പങ്കെടുപ്പിച്ച് തലശ്ശേരി നിയോജകമണ്ഡലത്തിൽ മത്സരം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബി.ജെ.പി. എന്നാൽ എൻ. ഹരിദാസിന്റെ പത്രിക തള്ളിയതോടെ പാർട്ടിയ്ക്ക് തന്നെ നാണക്കേടായി തലശ്ശേരിയിലെ നോട്ടപ്പിശകിന് വലിയ വിലയാണ് ബി.ജെ.പിക്ക് കൊടുക്കേണ്ടിവരുന്നത്.
ഇടതുവലതുമുന്നണികൾ വോട്ടുകച്ചവട ആരോപണവുമായി ഇനിയുള്ള ദിവസങ്ങളിൽ ഇതടക്കം മൂന്നുമണ്ഡലങ്ങളിലെ പത്രിക തള്ളൽ ചർച്ചയാക്കുമെന്നുറപ്പാണ്. ജില്ലാ പ്രസിഡന്റിനെ ഇറക്കി ശക്തമായ മത്സരം കാഴ്ചവെക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
തലശേരിയിൽ ജയത്തിൽ കുറഞ്ഞൊരു ലക്ഷ്യവും ബി.ജെ.പിക്കില്ലായിരുന്നു. എന്നാൽ സ്ഥാനാർത്ഥിത്വം തള്ളിയത് നേതൃത്വത്തിന് കനത്ത ആഘാതമായി. എൽ.ഡി. എഫ് സ്ഥാനാർത്ഥിയായി എ. എൻ. ഷംസീറും യു.ഡി. എഫ് സ്ഥാനാർത്ഥിയായി എം.പി. അരവിന്ദാക്ഷനുമാണ് തലശേരിയിൽ മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി. എഫിലെ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ 34,117വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണിയിലെ എ. എൻ. ഷംസീർ വിജയിച്ചത്.
കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗവുമായ വി. മുരളീധരന്റെയും ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെയും നാട്ടിൽ ജില്ലാ പ്രസിഡന്റിന്റെ സ്ഥാനാർത്ഥിത്വം തള്ളിയത് നാണക്കേടായാണ് നേതൃത്വം വിലയിരുത്തുന്നത്. മറ്റു മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജില്ലാ പ്രസിഡന്റ് എങ്ങനെ ഇറങ്ങുമെന്നാണ് അണികൾ ചോദിക്കുന്നത്.
പാടെ പാളിപ്പോയ സന്നാഹം
കേന്ദ്രമന്ത്രി അമിത് ഷായുടെ ജില്ലയുടെ പര്യടന പരിപാടി തലശേരിയിൽ 25നാണ് നിശ്ചയിച്ചത്. അത്രയും സന്നാഹങ്ങളോടെയായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി ആസൂത്രണം ചെയ്തിരുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി.കെ. സജീവൻ മത്സരിച്ചപ്പോൾ ബി.ജെ.പിക്ക് 22125 വോട്ടാണ് കിട്ടിയത്. തലശേരി നഗരസഭയിൽ എട്ട് സീറ്റ് നേടി പ്രധാന പ്രതിപക്ഷമായി വളരാൻ ബി.ജെ.പിക്ക് കഴിഞ്ഞതും നേതൃത്വത്തിന് ആവേശം പകരുന്നതായിരുന്നു. ബൂത്തുതലം മുതൽ പ്രവർത്തകരെ ഒന്നിപ്പിച്ച് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാക്കാനുള്ള പ്രവർത്തനങ്ങളും പൂർത്തിയായപ്പോൾ ആദ്യഘട്ടത്തിൽ മുന്നേറാൻ തങ്ങൾക്ക് കഴിഞ്ഞുവെന്ന ആത്മവിശ്വാസവും നേതൃത്വത്തിനുണ്ടായിരുന്നു.