bjp

തലശ്ശേരി: ബി.ജെ.പി.ജില്ലാ പ്രസിഡന്റും എൻ.ഡി.എ.സ്ഥാനാർത്ഥിയുമായ എൻ.ഹരിദാസിന്റെ പത്രിക തള്ളിയത് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗത്തെ തന്നെ ആശങ്കയിലാഴ്ത്തി. പത്രിക തള്ളിയതോടെ ഏകദേശം കാൽലക്ഷത്തിനടുത്തുള്ള ബി.ജെ.പി വോട്ടുകൾ എവിടെ പോകുമെന്ന ആലോചനയാണ് മുന്നണികൾക്ക് മുന്നിലുള്ളത്. ബി.ജെ.പി പ്രവർത്തകരിലും നേതാക്കളിലുമാകട്ടെ പത്രിക തള്ളിയത് കനത്ത ആഘാതവുമായി.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച ഉച്ചക്ക് 1.30നാണ് എൻ. ഹരിദാസ് വരണാധികാരിയായ തലശ്ശേരി സബ് കളക്ടർ അനുകുമാരി മുമ്പാകെ പത്രിക സമർപ്പിച്ചത്. പത്രിക സമർപ്പണ വേളയിൽ തന്നെ ഫോം എ യിൽ ചിഹ്നം അനുദിക്കുന്നതിന് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്താതിരുന്ന കാര്യം വരണാധികാരി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പത്രിക സ്വീകരിക്കുന്നതിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ശനിയാഴ്ച സൂഷ്മപരിശോധനാ വേളയിൽ ഹരിദാസിന് വേണ്ടി അഭിഭാഷകരായ അംബികാസുതനും പ്രേമരാജനും വരണാധികാരി മുമ്പാകെ ഹാജരായി പത്രിക തള്ളുന്നതിന് കാരണമായി പറഞ്ഞത് സാങ്കേതിക പ്രശ്നം മാത്രമാണെന്നും വിവേചന അധികാരം ഉപയോഗിച്ച് പത്രിക സ്വീകരിക്കാമെന്നും വാദിച്ചെങ്കിലും വരണാധികാരിയായ സബ് കളക്ടർ അംഗീകരിച്ചില്ല. ഒടുവിൽ പത്രിക തള്ളിയതായി അവർ അറിയിച്ചു. ഹരിദാസിന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനും സാദ്ധ്യമല്ല. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ ഫോം എയിൽ പത്ത് പേരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഒപ്പ് രേഖപ്പെടുത്തേണ്ടതുണ്ട്.

ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ പത്രിക തള്ളിയ വിവരം പുറത്തറിഞ്ഞതോടെ കളക്ട്രേറ്റിന് പുറത്ത് കാത്തിരിക്കുകയായിരുന്ന ബി.ജെ.പി പ്രാദേശിക നേതക്കളും പ്രവർത്തകരും നിരാശയോടെ പിരിഞ്ഞുപോവുകയായിരുന്നു.