
കണ്ണൂർ : തലശ്ശേരിയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതോടെ ബി.ജെ.പിയും കോൺഗ്രസും തമ്മിലുളള അന്തർധാരയാണ് മറനീക്കി പുറത്തുവരുന്നതെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. അശ്രദ്ധമൂലമുണ്ടായ പിഴവുമൂലമാണ് നാമനിർദേശ പട്ടിക തളളിയതെന്ന് കരുതാനാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
തലശ്ശേരിയിൽ അധികാര പത്രത്തിന്റെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് സമർപ്പിച്ചത്. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും തളളപ്പെടുകയായിരുന്നു. അത് എങ്ങനെ സംഭവിച്ചു എന്ന് ബി.ജെ.പിയാണ് വ്യക്തമാക്കേണ്ടത്.
പക്ഷേ ബി.ജെ.പി എത്രമാത്രം വ്യക്തമാക്കിയാലും കണ്ണൂർ ജില്ലയിലെ മറ്റുമണ്ഡലങ്ങളിൽ ബി.ജെ.പി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വേണ്ടി ഫോം എയും ഫോം ബിയും ദേശീയ ,സംസ്ഥാന അദ്ധ്യക്ഷന്മാർ ശരിയായ വിധത്തിൽ നാമനിർദേശ പത്രികയോടൊപ്പം അധികാര പത്രം സമർപ്പിച്ചപ്പോൾ എന്തുകൊണ്ട് ജില്ലാ പ്രസിഡന്റുകൂടിയായ ഹരിദാസിന്റെ നോമിനേഷനോടൊപ്പം ചട്ടപ്രകാരമുളള അധികാര പത്രം സമർപ്പിച്ചില്ല. തളളാൻ ഇടവരുത്തുന്ന വിധത്തിൽ ഒരു നോമിനേഷൻ സമർപ്പിക്കുകയെന്നുളളത് അശ്രദ്ധ മൂലം സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ ആർക്കും കഴിയില്ലെന്നും ജയരാജൻ പറഞ്ഞു.